കാലം തെറ്റി പെയ്യുന്ന മഴ തകർത്താടുകയാണ്. ജീവനും ജീവിതവും തകർന്ന് പ്രാണനും കൊണ്ടോടുന്ന ആളുകളുടെ കരളലിയിക്കുന്ന ദൃശ്യങ്ങളാണ് കുറച്ച് ദിവസമായി നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. ജൂൺ മുതൽ സെപ്റ്റംബർ വരെ നീളുന്ന മൺസൂൺ സീസൺ കഴിഞ്ഞെങ്കിലും ഈ ഒക്ടോബറിലും താണ്ഡവമാടുകയാണ് മഴ. കഴിഞ്ഞ കുറച്ച് ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെയാണ് മിക്കയിടങ്ങളും കടന്നുപോകുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കേരളം, ഡൽഹി, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളെല്ലാം മഴ പിടിമുറുക്കിയ പ്രദേശങ്ങളായിരുന്നു. മിക്ക പ്രദേശങ്ങളിലും ജീവനും സ്വത്തിനും നാശനഷ്ടമുണ്ടായി.
ഭീകരമായ അവസ്ഥയിലൂടെയാണ് നമ്മുടെ കേരളവും കടന്നുപോകുന്നത്. ദേശീയ തലസ്ഥാനമായ ഡൽഹി 24 മണിക്കൂർ നീണ്ട മഴയ്ക്കാണ് സാക്ഷ്യം വഹിച്ചത്. കനത്ത മഴയെത്തുടർന്ന് ഉണ്ടായ ഉരുൾപൊട്ടലിൽ ഉത്തരാഖണ്ഡിൽ ഏകദേശം 50 പേർ മരിച്ചു. പ്രധാന ഹൈവേകളിലെല്ലാം യാത്ര തടസപ്പെട്ടു. അപകടസാധ്യത മുന്നിൽ കണ്ട് കേരളത്തിൽ ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുകയും ഒൻപത് ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തു.
കൂടാതെ, ഒഡിഷയിലും പശ്ചിമ ബംഗാളിലും കഴിഞ്ഞ മൂന്ന് ദിവസമായി ന്യൂനമർദ്ദം സൃഷ്ടിച്ച കനത്ത മഴയിൽ ജനജീവിതം തന്നെ താറുമാറായി. ഇനിയും കൂടുതൽ മഴയ്ക്ക് സാധ്യതയ്യുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) പ്രവചനം.
എന്തുകൊണ്ട് ഒക്ടോബറിലും മഴ!!
ഒക്ടോബറിൽ മഴ പെയ്യുന്നത് സാധാരണമാണ്. തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുകയും വടക്കുകിഴക്കൻ മൺസൂണിന് വഴിയൊരുക്കുകയും ചെയ്യുന്ന ഈ മാസത്തെ പരിവർത്തനത്തിനുള്ള മാസമായി കണക്കാക്കുന്നതിനാൽ, പ്രധാനമായും ദക്ഷിണ ഉപദ്വീപിലെ ഇന്ത്യയെ വലിയ തോതിൽ ഇത് ബാധിക്കാറുണ്ട്. പക്ഷെ ഇപ്പോൾ നിർത്താതെ പെയ്യുന്ന ഈ മഴ, മൺസൂൺ പിൻവാങ്ങൽ കൊണ്ട് സംഭവിക്കുന്നതല്ല. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം കാരണം വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ വികസിച്ച ഒരു സവിശേഷ കാലാവസ്ഥ പ്രതിഭാസമാണ് ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന ദുരിതത്തിന് പിന്നിൽ.
കഴിഞ്ഞയാഴ്ച രണ്ട് ന്യൂനമർദ്ദങ്ങളാണ് രൂപപ്പെട്ടത്. ഒന്ന് ബംഗാൾ ഉൾക്കടലിനും മറ്റൊന്ന് അറബിക്കടലിനും മുകളിലാണ്. തമിഴ്നാട്, ഡൽഹി, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഈ രണ്ട് സംവിധാനങ്ങളും കൂടിച്ചേർന്ന് കനത്ത മഴയ്ക്ക് കാരണമായി. വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മിക്കയിടങ്ങളിലും തീരാനഷ്ടങ്ങളാണ് വിതച്ചിരിക്കുന്നത്.