India National

അമിത് ഷാ എയിംസിൽ പോകാതെ സ്വകാര്യ ആശുപത്രിയിൽ പോയതെന്തിന്? ശശി തരൂർ

ഭരിക്കുന്നവർ പൊതുസ്ഥാപനങ്ങളെ ആശ്രയിച്ചാല്‍ മാത്രമേ ഈ സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടാവുകയുള്ളൂ- ശശി തരൂർ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രിയെ സമീപിച്ചതിനെതിരെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ട്വിറ്ററിലാണ് ശശി തരൂരിന്റെ പ്രതികരണം. ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കമന്റുമായെത്തി.

നമ്മുടെ ആഭ്യന്തരമന്ത്രി രോ​ഗബാധിതനായപ്പോൾ എയിംസിൽ പോവാതെ തൊട്ടടുത്ത സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പോയത് എന്തുകൊണ്ടെന്ന് ഓർത്ത് അത്ഭുതം തോന്നുന്നു. ഭരിക്കുന്നവർ പൊതുസ്ഥാപനങ്ങളെ ആശ്രയിച്ചാല്‍ മാത്രമേ ഈ സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടാവുകയുള്ളൂ എന്നാണ് ശശി തരൂരിന്റെ ട്വീറ്റ്. ആധുനിക ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ ഒന്നെന്ന് ജവാഹർ ലാൽ നെഹ്റു വിശേഷിപ്പിച്ച എയിംസിനെ കുറിച്ചുള്ള വിശദാംശങ്ങളടങ്ങിയ ട്വീറ്റും തരൂർ കൂടെച്ചേർത്തിട്ടുണ്ട്.

ചിലർ ശശി തരൂരിന്റെ ട്വീറ്റ് ശരി വെച്ചപ്പോൾ ചിലർ സോണിയ ​ഗാന്ധിയും കുടുംബവും വിദേശത്ത് ചികിത്സ തേടിയതിന്റെ പത്രവാർത്തകൾ ഷെയർ ചെയ്തു. ചിലർ അഭിപ്രായപ്പെട്ടത് സ്വന്തം ഇഷ്ടത്തിന് ചികിത്സ തേടാനുള്ള വ്യക്തിസ്വാതന്ത്ര്യം അമിത് ഷാക്കും ഉണ്ടെന്നാണ്.

ഇന്നലെയാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിന്‍റെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടതോടെ ടെസ്റ്റ് നടത്തിയെന്നും കോവിഡ് പോസിറ്റീവായെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. താനുമായി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരോടും ക്വാറന്‍റൈനില്‍ പോകാനും ടെസ്റ്റ് നടത്താനും അമിത് ഷാ അഭ്യർഥിച്ചു. ​ഗുരു​ഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.