India National

ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ദീപ് സിദ്ദു ആരാണ് ? ബി.ജെ.പിയുമായുള്ള ബന്ധം എങ്ങനെ?

ആരാണ് ദീപ് സിദ്ദു?

പഞ്ചാബി നടനും സാമൂഹിക പ്രവര്‍ത്തകനുമായ ദീപ് സിദ്ദു 2015ല്‍ പുറത്തിറങ്ങിയ രാംത ജോഗി എന്ന സിനിമയിലൂടെയാണ് സിനിമാ കരിയര്‍ ആരംഭിച്ചത്. 1984ല്‍ പഞ്ചാബിലെ മുക്തസാര്‍ ജില്ലയില്‍ ജനിച്ച സിദ്ദു, കിങ് ഫിഷര്‍ മോഡല്‍ ഹണ്ടിലെ വിജയി കൂടിയാണ്. ബോളിവുഡ് നടന്‍ സണ്ണി ഡിയോളിന്‍റെ അനുയായി കൂടിയായ സിദ്ദ് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ക്യാംപെയിന്‍ സമയത്ത് പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ സീറ്റില്‍ മല്‍സരിക്കുമ്പോള്‍ സജീവമായി തന്നെ കൂടെയുണ്ടായിരുന്നു.

ബി.ജെ.പി എം.പി സണ്ണി ഡിയോളിന്‍റെ കൂടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടെയും ദീപ് സിദ്ദു നില്‍ക്കുന്ന ഫോട്ടോകളും ഇന്നലത്തെ അക്രമ സംഭവങ്ങളോടെ വൈറലായിട്ടുണ്ട്.

പ്രമുഖരുടെ പ്രതികരണങ്ങള്‍…

ചെങ്കോട്ടയിലെ പതാക ഉയര്‍ത്തലിന് നേതൃത്വം നല്‍കിയത് പഞ്ചാബി താരം ദീപ് സിദ്ദുവാണെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്. ഇക്കാര്യം സിദ്ദു തന്നെ പിന്നീട് ഫേസ്ബുക്ക് ലൈവില്‍ സമ്മതിച്ചിരുന്നു. സിദ്ദുവിന് ബിജെപിയുമായുള്ള ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങളും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പുറത്തുവിട്ടു.

അതെ സമയം ദീപ് സിദ്ദുവുമായി തനിക്കോ കുടുംബത്തിനോ ബന്ധമില്ലെന്ന് സണ്ണി ഡിയോള്‍ വ്യക്തമാക്കി. ‘ചെങ്കോട്ടയില്‍ നടന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ സങ്കടമുണ്ട്. എനിക്കോ എന്‍റെ കുടുംബത്തിനോ ദീപ് സിദ്ദുവുമായി ബന്ധമില്ലെന്ന് കഴിഞ്ഞ ഡിസംബര്‍ ആറിന് തന്നെ ഞാന്‍ വ്യക്തത വരുത്തിയതാണ്. ജയ് ഹിന്ദ്’; സണ്ണി ഡിയോള്‍ എം.പി ട്വിറ്ററില്‍ കുറിച്ചു.

കോണ്‍ഗ്രസ് എം.പി ശശി തരൂരും ചെങ്കോട്ടയിലെ സംഭവങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് ശശി തരൂര്‍ വിഷയത്തില്‍ പ്രതികരിച്ചത്. ‘അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ് ഇന്ന് നടന്ന സംഭവം. തുടക്കം മുതല്‍ ഞാന്‍ കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ നിയമരാഹിത്യത്തിന് മാപ്പുകൊടുക്കാനില്ല. റിപ്പബ്ലിക് ദിനത്തില്‍ വിശുദ്ധ ത്രിവര്‍ണ പതാകയാണ് ചെങ്കോട്ടയില്‍ പറക്കേണ്ടത്’ തരൂര്‍ ട്വീറ്റ് ചെയ്തു.

സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവും സിദ്ദുവിനെ തള്ളി രംഗത്തുവന്നു. സമരങ്ങളുടെ തുടക്കത്തില്‍ തന്നെ സിദ്ദു ഞങ്ങളില്‍ നിന്നും ഏറെ അകലെയായിരുന്നു എന്നാണ് യോഗേന്ദ്ര യാദവ് പ്രസ്താവനയില്‍ പറഞ്ഞത്. ശംഭു അതിര്‍ത്തിയില്‍ വെച്ച് സിദ്ദുവിന്‍റെ പ്രവര്‍ത്തനങ്ങള്‍ കാണുകയും പങ്കെടുക്കുകയും ചെയ്തപ്പോള്‍ തന്നെ കര്‍ഷക സംഘടനകള്‍ അകലം പാലിക്കാന്‍ തീരുമാനിച്ചിരുന്നതായി യോഗേന്ദ്ര യാദവ് പി.ടി.ഐയോട് പറഞ്ഞു.

ദീപ് സിദ്ദുവിന് പറയാനുള്ളത്.

സിഖ് പതാകയാണ് ചെങ്കോട്ടയില്‍ ഉയര്‍ത്തിയതെന്നും ദേശീയ പതാക അഴിച്ചുമാറ്റിയിരുന്നില്ലെന്നും ദീപ് സിദ്ദു പറഞ്ഞു. പ്രതിഷേധത്തിന്‍റെ ഭാഗമായാണ് അങ്ങനെ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. കർഷകരുടെ യഥാർത്ഥ അവകാശങ്ങൾ അവഗണിക്കപ്പെടുമ്പോൾ അത്തരം നീക്കങ്ങൾ ദേഷ്യപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.