നാഷണൽ ഡെമോക്രാറ്റിക് അലയൻസി (എൻ.ഡി.എ) ൽ നിന്ന് പുറത്താക്കിയതിന് ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് ശിവസേന രംഗത്ത്. എൻ.ഡി.എയുടെ തുടക്കം മുതല്‍ പിന്തുണച്ചിരുന്ന പാർട്ടിയാണ് ശിവസേനയെന്ന് മുഖപത്രമായ സാമ്നയിലെ ലേഖനത്തില്‍ പറയുന്നു.
“ഏത് യോഗത്തിലാണ് നിങ്ങൾ എൻ.ഡി.എയിൽ നിന്ന് ശിവസേനയെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്? എന്തുകൊണ്ടാണ് ഈ വിഷയം ഇത്രയും തീവ്രതയിലെത്തിയത്? എൻ.ഡി.എയിലെ ഘടകകക്ഷികളുമായി എന്തെങ്കിലും ചർച്ച നടന്നോ?” മുഖപ്രസംഗത്തിലൂടെ ശിവസേന ബി.ജെ.പിയുടെ നീക്കങ്ങളെ ചോദ്യം ചെയ്തു.
ബാല്‍ താക്കറെയുടെ ചരമവാർഷിക ദിനത്തിൽ ശിവസേനയെ എൻ.ഡി.എയിൽ നിന്ന് പുറത്താക്കാനുള്ള തെറ്റായ തീരുമാനമാണ് ബി.ജെ.പി പ്രഖ്യാപിച്ചതെന്ന് മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു. ബാല്‍ താക്കറെക്ക് രാജ്യം ആദരാഞ്ജലി അർപ്പിക്കുന്ന സമയത്ത് തന്നെയാണ് എൻ.ഡി.എ സ്ഥാപിച്ചവരെ സഖ്യത്തില്‍ നിന്നു നീക്കം ചെയ്തത്. സ്വേച്ഛാധിപത്യ, സ്വാർത്ഥ കേന്ദ്രീകൃത രാഷ്ട്രീയത്തിന്റെ അവസാനത്തിലേക്കുള്ള തുടക്കമാണിതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ സേനയുടെ എം.പിമാർക്ക് പ്രതിപക്ഷ ബെഞ്ചുകൾ അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് ശിവസേന ബി.ജെ.പിയെ കടന്നാക്രമിച്ച് രംഗത്തുവന്നത്.
കഴിഞ്ഞ ദിവസം പാര്‍ലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ: ”ശിവസേനയുടെ മന്ത്രി എൻ.ഡി.എ സർക്കാരിൽ നിന്ന് രാജിവച്ചിട്ടുണ്ട്. അവർ എൻ.ഡി.എ യോഗത്തിൽ പങ്കെടുക്കുന്നില്ല. കോൺഗ്രസുമായും എൻ.സി.പിയുമായും സഖ്യമുണ്ടാക്കുകയാണ്. അതിനാൽ ഇരുസഭകളിലും അവര്‍ക്ക് പ്രതിപക്ഷത്ത് സീറ്റുകൾ അനുവദിക്കുന്നത് സ്വാഭാവികമാണ്.”