India National

ദേശീയ പൗരത്വ രജിസ്റ്ററിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം വിളിച്ച യോഗം ഇന്ന്

ദേശീയ പൗരത്വ രജിസ്റ്റര്‍, സെന്‍സസ് എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സെന്‍സസ് കമ്മീഷ്ണര്‍ വിളിച്ച യോഗം ഇന്ന് ഡല്‍ഹിയില്‍. എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെയും സെന്‍സസ് ഡയറക്ടര്‍മാരുടെയും യോഗമാണ് വിളിച്ചിരിക്കുന്നത്. യോഗത്തില്‍ നിന്നും പശ്ചിമ ബംഗാള്‍ വിട്ടുനില്‍ക്കും. എന്‍.പി.ആറുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവച്ചത് യോഗത്തില്‍ കേരളം അറിയിക്കും.

സെന്‍സസ്, എന്‍.പി.ആര്‍ നടപടി ക്രമങ്ങള്‍ വിശദീകരിക്കാനാണ് സെന്‍സസ് കമ്മീഷ്ണര്‍ വിവേക് ജോഷി ചീഫ് സെക്രട്ടറിമാരുടെയും സെന്‍സസ് ഡയറക്ടര്‍മാരുടെയും യോഗം വിളിച്ചിരിക്കുന്നത്. എന്‍.പി.ആറിനായി എല്ലാ സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരെ സജ്ജരാക്കുക, നിര്‍ദേശങ്ങളും സഹകരണവും തേടുക തുടങ്ങിയവയാണ് ലക്ഷ്യം. ആഭ്യന്തര സെക്രട്ടറി എ.കെ ഭല്ല, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവരും പങ്കെടുക്കും.

യോഗത്തിലേക്ക് പശ്ചിമ ബംഗാളില്‍ നിന്നും പ്രതിനിധിയെ അയക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊൽക്കത്തയിൽ നടന്ന റാലിയിലാണ് മമത ബാനർജി തീരുമാനം അറിയിച്ചത്. പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റർ, ദേശീയ പൗര റജിസ്റ്റർ എന്നിവയ്ക്കെതിരെയുള്ള എതിർപ്പ് ബംഗാളിൽ എത്തിയ പ്രധാനമന്ത്രിയെ മമത ബാനർജി നേരിട്ട് അറിയിച്ചിരുന്നു. ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ജനസംഖ്യ കണക്കെടുപ്പ് നടത്തുന്നതെന്നാണ് ടി.എം.സി വിലയിരുത്തൽ.

യോഗത്തിലേക്ക് കേരളം പ്രതിനിധിയെ അയക്കും. ചീഫ് സെക്രട്ടറിക്ക് പകരം പൊതുഭരണ വകുപ്പ് സെക്രട്ടറിയാണ് യോഗത്തില്‍ പങ്കെടുക്കുക. പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട എല്ലാ നടപടികളും കേരളം നിര്‍ത്തി വച്ച കാര്യം യോഗത്തില്‍ അറിയിക്കും.