India National

പശ്ചിമ ബംഗാളിൽ എല്ലാ ആഴ്ചയും രണ്ട് ദിവസം സമ്പൂർണ ലോക്ക് ഡൗൺ

കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പശ്ചിമ ബംഗാളിൽ എല്ലാ ആഴ്ചയിലും രണ്ട് ദിവസം സമ്പൂർണ ലോക്ക് ഡൗൺ. പശ്ചിമ ബംഗാൾ സർക്കാർ ഇത് സംബന്ധിച്ച തീരുമാനമെടുത്തു. സംസ്ഥാനത്ത് മുഴുവൻ സ്ഥലങ്ങളിലും ഇത് ബാധകമായിരിക്കും. ആഭ്യന്തര സെക്രട്ടറി ആലാപൻ ബന്ദോപാധ്യായ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ ആഴ്ചയിലെ ലോക്ക്ഡൗൺ വ്യാഴം, ശനി ദിവസങ്ങളിലാണ്.

സംസ്ഥാനത്തെ ഇപ്പോഴുള്ള കണ്ടെയ്‌മെന്റ് സോണുകളുടെ എണ്ണം 739 ആണ്. തലസ്ഥാനമായ കൊൽക്കത്തയിൽ 32 കണ്ടെയ്ൻമെന്റ് സോണുകളാണുള്ളത്. 63 പ്രദേശങ്ങളെ ഈയിടെയാണ് സംസ്ഥാന സർക്കാർ കണ്ടെയ്ൻമെന്റ് സോണുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

ഇന്നലെ സംസ്ഥാനത്ത് ഏറ്റവും അധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 1112 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 36 പേരും രോഗം വന്ന് മരണപ്പെട്ടു. 16,492 കൊവിഡ് കേസുകൾ നിലവിൽ സംസ്ഥാനത്തുണ്ട്. ആകെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 42,487 ആയിരിക്കുകയാണ്.

അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 11 ലക്ഷം കടന്നു. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 172ാം ദിവസമാണ് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് ലക്ഷം കടന്നിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ ആകെ പോസിറ്റീവ് കേസുകൾ 1,118,043 ആയി. ഇതുവരെ 27,497 പേർ മരിച്ചു.

കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തിൽ നിന്ന് 11 ലക്ഷം കടന്നത് മൂന്ന് ദിവസം കൊണ്ടാണ്. കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം പത്ത് ലക്ഷം കടന്നത് വെള്ളിയാഴ്ചയാണ്. 1.40 കോടിയാണ് സാമ്പിൾ പരിശോധനകൾ. ആകെ 1,40,47,908 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു. 24 മണിക്കൂറിനിടെ 256,039 സാമ്പിളുകൾ പരിശോധിച്ചുവെന്ന് ഐസിഎംആർ പറയുന്നു. എന്നാൽ ശനിയാഴ്ച പരിശോധിച്ച സാമ്പിളുകളുടെ കണക്കുകൾ അപേക്ഷിച്ച് പരിശോധനയുടെ എണ്ണത്തിൽ 1,02,088 ന്റെ കുറവുണ്ട്.