India National

“വിദ്യാര്‍ഥികള്‍ക്കൊപ്പം ഞാനുണ്ട്”: തീ കൊണ്ട് കളിക്കരുതെന്ന് ബി.ജെ.പിയോട് മമത

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയില്‍ പ്രതിഷേധ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത. തീ കൊണ്ട് കളിക്കരുതെന്ന് മമത ബി.ജെ.പിക്ക് മുന്നറിയിപ്പ് നല്‍കി.

മമത വിദ്യാര്‍ഥികളോട് പറഞ്ഞതിങ്ങനെ- “പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരണം. ആരെയും ഭയപ്പെടരുത്. ഞാനുണ്ട് നിങ്ങള്‍ക്കൊപ്പം. ജാമിഅ മില്ലിയയിലെയും ഐ.ഐ.ടി കാണ്‍പൂരിലെയും മറ്റ് സര്‍വകലാശാലകളിലെയും വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം. 18 വയസ് കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് വോട്ടവകാശമുണ്ട്. അവര്‍ പ്രതിഷേധിക്കുന്നതില്‍ ആരും അസ്വസ്ഥമാകേണ്ടതില്ല”.

മംഗളൂരുവില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് യെദ്യൂരപ്പ സര്‍ക്കാര്‍ ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്ന കാര്യവും മമത ചൂണ്ടിക്കാട്ടി. മംഗളൂരുവില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് തന്‍റെ സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്നും മമത വ്യക്തമാക്കി.