India National

രാമക്ഷേത്ര പൂജയില്‍ പ്രധാനമന്ത്രിയുടെ കാർമികത്വം വർഗീയത വളർത്തുന്നതിനും സാമുദായിക ധ്രുവീകരണത്തിനും – വെൽഫെയർ പാർട്ടി

രാമക്ഷേത്രത്തിന്റെ പേരിൽ വർഗീയ മുദ്രാവാക്യമുയർത്തി പിടിച്ച്‌ സാമുദായിക ധ്രുവീകരണം സൃഷ്ടിച്ചാണ് സംഘ്പരിവാർ ശക്തികൾ ഇന്ത്യയിൽ വളർന്നത്

ബാബരി മസ്ജിദ് ഭൂമിയിൽ പ്രധാനമന്ത്രിയുടെ കാർമികത്വത്തിൽ രാമക്ഷേത്ര പൂജ നടത്താനുള്ള ആർഎസ്എസിന്റെ തീരുമാനം രാജ്യത്ത് വർഗീയതയും സാമുദായിക ധ്രുവീകരണവും കൂടുതൽ ശക്തമാക്കുന്നതിന് വേണ്ടിയുള്ള ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷെഫീഖ് പറഞ്ഞു. രാമക്ഷേത്രത്തിന്റെ പേരിൽ വർഗീയ മുദ്രാവാക്യമുയർത്തി പിടിച്ച്‌ സാമുദായിക ധ്രുവീകരണം സൃഷ്ടിച്ചാണ് സംഘ്പരിവാർ ശക്തികൾ ഇന്ത്യയിൽ വളർന്നത്. അതേ രാമക്ഷേത്ര നിർമാണത്തെ വീണ്ടും തങ്ങളുടെ അധികാരം നിലനിർത്തുന്നതിനും സംഘ് രാഷ്ട്ര നിർമ്മിതിക്കുമുള്ള ആയുധമാക്കാനുമാണ് രാമക്ഷേത്ര പൂജയിലൂടെ പ്രധാനമന്ത്രിയും കൂട്ടരും ലക്ഷ്യമിടുന്നത്. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് ക്ഷേത്രത്തിന് യാതൊരുവിധ തെളിവുമില്ലെന്ന് കണ്ടെത്തിയ ശേഷം നടത്തിയ കോടതിവിധിയെ മറയാക്കിയാണ് കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ ക്ഷേത്ര പൂജ നടത്താൻ സംഘ്പരിവാർ ഒരുങ്ങുന്നത്. നീതിയോടോ മതേതരത്വത്തോടോ യാതൊരു പ്രതിബദ്ധതയും ഇല്ലാത്തവരാണ് രാജ്യം ഭരിക്കുന്നത് എന്നതിന്റെ നേർസാക്ഷ്യമാണ് രാമക്ഷേത്ര പൂജയിലൂടെ വെളിവാകുന്നത്.

ജമ്മുകശ്മീർ ജനതയുടെ ഭരണഘടനാപരമായ അവകാശത്തെ സ്വേച്ഛാധിപത്യപരമായി തകർത്തതിന്റെ വാർഷിക ദിനമായ ആഗസ്റ്റ് 5 തന്നെ ഭൂമി പൂജക്കായി തെരെഞ്ഞെടുത്തത് തങ്ങൾ ഇന്ത്യയുടെ ഭരണഘടനയെയോ മൂല്യങ്ങളേയോ ലവലേശം വില കല്പിക്കുന്നവരല്ല എന്ന സംഘ്പരിവാർ നേതാക്കളുടെ പ്രഖ്യാപനം കൂടിയാണ്.

അയോദ്ധ്യയിലോ രാജ്യത്ത് എവിടെയുമോ ക്ഷേത്രമോ ഏതെങ്കിലും മത വിഭാഗത്തിന്റെ ആരാധനാലയങ്ങളോ പണിയുന്നതിന് രാജ്യത്തെ ജനത എതിരല്ല. പക്ഷേ ഒരു മസ്ജിദിനെ അന്യായമായി തകർത്ത് ക്ഷേത്രം പണിയുന്നത് ഭീകര പ്രവർത്തനമാണ്. 1992 ഡിസംബർ 6 ന് ഭരണകൂട പിന്തുണയോടെ സംഘ്പരിവാർ ബാബരി മസ്ജിദ് തകർത്തതിൽ അതാണ് സംഭവിച്ചത്. രാജ്യത്തെ ഭരണകൂടങ്ങളും നീതി സംവിധാനങ്ങളും ഈ ദുഷ്പ്രവർത്തി ചെയ്തവരെ നിയമവിധേമായി ശിക്ഷിക്കുകയോ അതിന്റെ പേരിൽ നീതി നിഷേധിക്കപ്പെട്ടവർക്ക് നീതി നൽകുകയോ ചെയ്തില്ല എന്നത് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ സംഭവമാണ്. ഈ അനീതിയെ ആഘോഷിച്ചുകൊണ്ട് ഭരണഘടനയേയയും നീതി സംവിധാനത്തെയും പരസ്യമായി വെല്ലു വിളിക്കുകയാണ് മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി ഗവൺമെൻറ്. രാജ്യത്തെ മതനിരപേക്ഷ സമൂഹവും ജനാധിപത്യവിശ്വാസികളും ഒന്നായി ഇതിനെതിരെ രംഗത്ത് വരണം. ബാബരി മസ്ജിദ് ഭൂമിയിൽ രാമക്ഷേത്ര ഭൂമിപൂജ നടത്തുകയും കാശ്മീർ ജനതയുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഹനിച്ച് കശ്മീരിനെ തുറന്ന ജയിലാക്കി മാറ്റിയതിന്റെ ഒന്നാം വാർഷിക ദിനവുമായ ആഗസ്റ്റ് 5 ന് വെൽഫെയർ പാർട്ടി പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.