ഇത്തവണ മോദിക്ക് വോട്ടിന് പകരം മണ്ണു കൊണ്ടുണ്ടാക്കിയ ചരല്‍ നിറച്ച രസഗുളയാണ് നല്‍കുകയെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. താനും മമതയുമായി ഊഷ്മള ബന്ധമാണുള്ളതെന്ന മോദിയുടെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു മമത. ബോളിവുഡ് താരം അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിലാണ് മോദി മമതയുമായുള്ള സൌഹൃദത്തെക്കുറിച്ച് പറഞ്ഞത്. പ്രതിപക്ഷനിരയിലും തനിക്ക് സുഹൃത്തുക്കളുണ്ടെന്നും മമതാ ബാനര്‍ജി തനിക്ക് കുര്‍ത്തകളും രസഗുളയും കൊടുത്തയക്കാറുണ്ടെന്നുമായിരുന്നു മോദി പറഞ്ഞത്.
മോദി ഇത്തവണ അധികാരത്തില്‍ വരില്ലെന്നും ആളുകളെ സമീപിക്കാന്‍ അദ്ദേഹം ഇപ്പോള്‍ ഭയക്കുന്നുവെന്നും അവര്‍ പറഞ്ഞു. ഇത്രകാലം ബംഗാള്‍ സന്ദര്‍ശിക്കാത്ത മോദി തെരഞ്ഞെടുപ്പ് കാലമായപ്പോള്‍ തനിക്ക് ബംഗാളിന്റെ വോട്ടഭ്യര്‍ത്ഥിച്ച് പതിവില്ലാതെ ഇവിടെ സന്ദര്‍ശനത്തിനെത്തുന്നുവെന്നും എന്നാല്‍ ബംഗാള്‍ മോദിക്ക് വോട്ട് നല്‍കില്ലെന്നും പകരം രസഗുള നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആ രസഗുള സാധാരണയില്‍ വ്യത്യസ്തമായി മണ്ണു കൊണ്ടുണ്ടാക്കിയതായിരിക്കുമെന്നും മമത വ്യക്തമാക്കി.
ലഡുവില്‍ അണ്ടിപ്പരിപ്പ് വിതറുന്നതുപോലെ ഈ രസഗുളയില്‍ ചരല്‍ വിതറുമെന്നും അത് കഴിക്കാന്‍ ശ്രമിക്കുമ്പോള്‍ മോദിയുടെ പല്ല് പറിഞ്ഞ് പോകുമെന്നും അവര്‍ പറഞ്ഞു. പ്രസംഗം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി ഭക്ഷണം ഉണ്ടാക്കിയിട്ടില്ലെങ്കില്‍ ബി.ജെ.പിയെ തകര്‍ക്കാന്‍ കുറച്ച് ഭക്ഷണ സാധനങ്ങളും മധുര പലഹാരങ്ങളും ഉണ്ടാക്കണമെന്ന് അവിടുത്തെ സ്ത്രീകളോട് അവര്‍ ആവശ്യപ്പെട്ടു. മണ്ണുകൊണ്ടുണ്ടാക്കിയതായിരിക്കും അതെന്നും അതായിരിക്കും ബി.ജെ.പിക്ക് നല്‍കുകയെന്നും അവര്‍ ആവര്‍ത്തിച്ചു. ബംഗാളിലെ അസനോളില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത.