പൗരത്വ നിയമഭേദഗതിയില്‍ ഉറച്ചുനില്‍ക്കുന്നതായും എത്ര എതിര്‍പ്പുകളുണ്ടായാലും സി.എ.എയില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമത്തിനായി രാജ്യം കാത്തിരിക്കുകയായിരുന്നു, രാജ്യത്തിന്റെ താത്പര്യത്തിന് അനുസരിച്ചാണ് ഇത്തരം തീരുമാനങ്ങളെടുക്കുന്നതെന്നും മോദി പറഞ്ഞു. വാരാണസിയില്‍ നടന്ന പൊതുപരിപാടിയ്ക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
രാജ്യതാല്‍പ്പര്യത്തിനനുസരിച്ചാണ് ആര്‍ട്ടിക്കിള്‍ 370 ലും പൗരത്വ നിയമത്തിലും തീരുമാനമെടുത്തത്. എന്ത് തരം സമ്മര്‍ദ്ദമുണ്ടായാലും അതില്‍ നിന്ന് പിന്നോട്ടില്ല.’ അയോധ്യയില്‍ രാമക്ഷേത്രത്തിനുള്ള പണി പെട്ടെന്ന് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പ്രതിഷേധം ശക്തമായതോടെ രാജ്യവ്യാപകമായി എന്‍.ആര്‍.സിയും സി.എ.എയും നടപ്പാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റ പശ്ചാതലത്തിലും പൌരത്വ നിയമഭേഗതിയുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ പിന്നാക്കം പോയിരുന്നു. പൗരത്വ നിയമഭേദഗതിക്കെതിരെ ഇപ്പോഴും രാജ്യത്തിന്റെ പല ഭാഗത്തും പ്രതിഷേധം ഉയരുന്നുണ്ട്. അതേസമയം പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വസതിയിലേക്ക് ശാഹീന്‍ബാഗ് സമരക്കാര്‍ നടത്താനിരുന്ന മാര്‍ച്ച് പിന്‍വലിച്ചു. പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.