India National

കര്‍ഷക സമരം; ചർച്ചക്കായി നിയമം നിർത്തിവച്ചുകൂടേയെന്ന് സുപ്രീം കോടതി

കർഷക സമരം സംബന്ധിച്ച ഹർജി പരി​ഗണിക്കുന്നത് സുപ്രീം കോടതി ജനുവരിയിലേക്ക് മാറ്റി. കാർഷിക നിയമങ്ങളുടെ നിയമ സാധുത ഇപ്പോൾ പരിശോധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. കർഷകരുടെ ദുരിതങ്ങളിലും അവരുടെ അവസ്ഥ സംബന്ധിച്ചും കോടതിക്ക് ആശങ്കയുണ്ട്. അതേസമയം, കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അവകാശം ഉണ്ടെന്നും അതില്‍ ഇടപെടില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടിവിക്കാന്‍ കോടതി തയ്യാറായില്ല. ക്രിസ്മസ്‌, പുതുവത്സര അവധികള്‍ക്ക് ശേഷം കോടതി തുറക്കുമ്പോള്‍ ഹര്‍ജി വീണ്ടും പരിഗണിക്കും. ഇതിനിടയില്‍ ഹര്‍ജിക്കാര്‍ക്ക് ആവശ്യമെങ്കില്‍ അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.

കാർഷിക നിയമങ്ങൾക്കെതിരെ കർഷകർക്കു സമരം ചെയ്യാം. എന്നാൽ മറ്റുള്ളവരുടെ മൗലികാവകാശം ഹനിക്കരുത്. എങ്ങനെ സമര രീതി മാറ്റാനാവുമെന്ന് കർഷക സംഘടനകൾ പറയണം. ലക്ഷ്യം നേരിടാൻ ചർച്ചകളിലൂടെ മാത്രമേ കഴിയൂ എന്നും സമരം അവസാനിപ്പിക്കാനുള്ള മാർ​ഗങ്ങളാണ് തേടുന്നതെന്നും കോടതി വ്യക്തമാക്കി.

വഴി തടഞ്ഞുള്ള സമരം കർഷകർ അവസാനിപ്പിക്കണമെന്ന് സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തിന്റെ പ്രശ്നങ്ങളും അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി. കർഷകർ നാട്ടിലേക്ക് മടങ്ങണമെന്നും ചർച്ചകൾക്കായി നേതാക്കൾ തുടരട്ടെ എന്ന നിർദ്ദേശവും അറ്റോർണി ജനറൽ മുന്നോട്ടു വച്ചു.

അതേസമയം, സമരം ഇന്ന് ഇന്ന് 22ാം ദിവസത്തിലേക്കു കടക്കുകയാണ്. സമരം ഒത്തു തീർപ്പക്കാൻ സമിതിയെ നിയോഗിക്കാമെന്ന സുപ്രീം കോടതി നിർദേശത്തോടും കർഷക സംഘടനകൾ അനുകൂലമായി പ്രതികരിക്കുന്നില്ല.