India

ലക്ഷദ്വീപില്‍ വാട്ടര്‍ വില്ലകള്‍ നിര്‍മിക്കുമെന്ന് പ്രഫുല്‍ ഖോഡ പട്ടേല്‍

ലക്ഷദ്വീപില്‍ വാട്ടര്‍ വില്ലകള്‍ നിര്‍മിക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ഇന്ത്യയിലാദ്യമായി മാലിദ്വീപുകളിലേതുപോലെ വാട്ടര്‍ വില്ലകള്‍ നിര്‍മിക്കുമെന്ന് പ്രഫുല്‍ പട്ടേല്‍ തന്റെ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. 800 കോടി രൂപ ചിലവില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് പദ്ധതി നടപ്പിലാക്കുന്നത്.(water villas lakshadweep) ‘ലക്ഷദ്വീപിന്റെ പ്രകൃതിദത്തവും മനോഹരവുമായ ഇടങ്ങളിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി വാട്ടര്‍ വില്ലകള്‍ സ്ഥാപിക്കും. 800 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ലോകോത്തര സൗകര്യങ്ങളില്‍, സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വില്ലകളാണ് നിര്‍മിക്കുക’. പട്ടേല്‍ ട്വീറ്റ് ചെയ്തു.
ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം അവസാനിക്കാത്ത സാഹചര്യത്തിലും പുതിയ നയങ്ങള്‍ നടപ്പിലാക്കാനുള്ള നീക്കത്തിലാണ് അഡ്മിനിസ്‌ട്രേറ്റര്‍.

ലക്ഷദ്വീപ് ഭരണകൂടമിറക്കിയ കരട് നിയമങ്ങള്‍, സര്‍ക്കാര്‍ ഡയറിഫാമുകള്‍ പൂട്ടാനുള്ള തീരുമാനം, ഉച്ചഭക്ഷണ മെനു പരിഷ്‌കരിച്ച നടപടി തുടങ്ങിയവയ്‌ക്കെതിരെ കടുത്ത പ്രതിഷേധമായിരുന്നു ദ്വീപിലും കേരളത്തിലും ഉയര്‍ന്നത്. കരട് നിയമങ്ങള്‍ക്കെതിരായ ഹര്‍ജി ജൂലൈ ആദ്യവാരം ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു.