India

‘നോക്കൂ, എന്റെ മുറിയും കുലുങ്ങുന്നുണ്ട്’; ഭൂമി കുലുക്കത്തിലും കൂളായി ചർച്ച തുടർന്ന് രാഹുൽ

ന്യൂഡൽഹി: വെള്ളിയാഴ്ച രാത്രി ഉത്തരേന്ത്യയിൽ ഭീതി പരത്തിയ ഭൂചലനം സംഭവിക്കുമ്പോൾ ഒരു വിർച്വൽ ആശയവിനിമയത്തിലായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ വേളയിൽ രാഹുൽ നടത്തിയ ഒരു പരാമർശവും അതിന്റെ വീഡിയോയുമാണ്‌ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്.

‘അതിനിടെ, ഒരു ഭൂമികുലുക്കം ഉണ്ടായി എന്നാണ് തോന്നുന്നത്’ – എന്നാണ് ചർച്ചയ്ക്കിടെ രാഹുൽ പറഞ്ഞത്. ചർച്ച തുടരുകയും ചെയ്തു. ചരിത്രകാരൻ ദിപേഷ് ചക്രബർത്തി, ഷിക്കാഗോ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികൾ എന്നിവരുമായി ആയിരുന്നു സംവാദം.

മുറിയാകെ കുലുങ്ങിയപ്പോഴും രാഹുൽ അക്ഷോഭ്യനായി ചർച്ചയുടെ ഭാഗമായി മാറി. ഒരു ഭാവഭേദവുമില്ലാതെയാണ് രാഹുൽ ചർച്ചയിൽ തുടർന്നത്. സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ഇതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.

ഇന്നലെ രാത്രി 10.30നായിരുന്നു താജികിസ്താൻ പ്രഭവ കേന്ദ്രമായ ഭൂചലനം ഉത്തരേന്ത്യയെ നടുക്കിയത്. റിക്ടർ സ്‌കെയിലിൽ 6.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. ജമ്മു കശ്മീർ, ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.