പാര്‍ലമെന്റിന്റെ പരിസരത്ത് ബി.ജെ.പി എം.പി ഹേമാ മാലിനിയും കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും ഉള്‍പ്പെടെയുള്ളവര്‍ സ്വച്ഛ് ഭാരത് അഭിയാന്‍ പരിപാടിയില്‍ പങ്കെടുത്തത് ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാണ്. ചുറ്റും കൂടിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ നടുവില്‍ നിന്നായിരുന്നു ഇവരുടെ തൂത്തുവാരല്‍.
എന്നാല്‍ നേരെ ചൊവ്വെ ചൂല് പിടിക്കാന്‍ പോലും അറിയാതെ, തൂത്തുവാരാന്‍ ഒരു കടലാസ് കഷ്ണം പോലും കിട്ടാതെ വിഷമിക്കുന്ന ഹേമ മാലിനിയുടെ വീഡിയോയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തിയിരിക്കുന്നത്. ഫോട്ടോ എടുക്കാന്‍ വേണ്ടി ചൂല് പിടിച്ച് കഷ്ടപ്പെടുകയാണ് ഹേമ മാലിനിയെന്നാണ് നവ മാധ്യമങ്ങളിലെ പ്രധാന വിമര്‍ശനം. ചവറുകളൊന്നുമില്ലാത്തയിടത്ത് തൂത്തുവാരി അഭിനയിക്കാതെ മാലിന്യങ്ങള്‍ കൂടിക്കിടക്കുന്നയിടങ്ങള്‍ വൃത്തിയാക്കൂ എന്നാണ് മറ്റൊരു വിഭാഗത്തിന്റെ പരിഹാസം. ചൂല് പിടിക്കാനെങ്കിലും ഹേമ മാലിനിയെ പഠിപ്പിക്കണം എന്ന് ചിലര്‍ പറയുന്നു. ഏതായാലും ഹേമ മാലിനിയുടെ തൂത്തുവാരല്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായി കഴിഞ്ഞു.