India National

എല്ലാ വോട്ടിങ് മെഷീനിലും വിവിപാറ്റ്; സോഷ്യല്‍ മീഡിയ പ്രചാരണത്തിന് നിയന്ത്രണം

തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണത്തിന് ഉള്‍പ്പെടെ കര്‍ശന നിര്‍ദേശങ്ങളും നിയന്ത്രണങ്ങളുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. നൂറ് ശതമാനം വോട്ടിങ് യന്ത്രങ്ങളിലും വിവിപാറ്റ് ഏര്‍പ്പെടുത്തും.

നാമനിര്‍ദേശ പത്രികക്കൊപ്പമുള്ള സത്യവാങ്മൂലത്തില്‍ സ്ഥാനാര്‍ഥിയുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടിന്റെ വിവരങ്ങളും ഉള്‍പ്പെടുത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. വിദ്യാഭ്യാസം സംബന്ധിച്ചും സാമ്പത്തികസ്ഥിതി സംബന്ധിച്ചും വിവരങ്ങള്‍ നല്‍കാതിരിക്കുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്യുന്ന സ്ഥാനാര്‍ഥികളുടെ പത്രിക തള്ളും.

പ്രചാരണം സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതി സ്വീകരിക്കാന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കും. പ്രചാരണോപാധികള്‍ പരിസ്ഥിതി സൌഹൃദമാകണം. രാത്രി 10 മുതല്‍ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ല. വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ ചിത്രവും ഉണ്ടാകും. എല്ലാ ഇ.വി.എമ്മുകളിലും വിവിപാറ്റുകള്‍ ഉണ്ടാകുമെങ്കിലും എത്ര വിവിപാറ്റുകള്‍ എണ്ണിനോക്കുമെന്ന് കമ്മിഷന്‍ തീരുമാനമെടുത്തില്ല. ഇത് സംബന്ധിച്ച കേസില്‍ സുപ്രീംകോടതി വിധി പറയുന്നതിനനുസരിച്ചാകും അന്തിമ തീരുമാനം. പ്രശ്നസാധ്യതയുള്ള ബൂത്തുകള്‍ വെബ്കാസ്റ്റിങ് വഴി നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കും.