നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയും മഹാരാഷ്ട്രയും ഇന്ന് ജനവിധി തേടും. പതിനേഴ് സംസ്ഥാനങ്ങളിലായി 45 നിയമസഭ സീറ്റുകളിലേക്കും ഇന്ന് ഉപതെരഞ്ഞെടുപ്പും നടക്കും. കനത്ത സുരക്ഷയാണ് തെരഞ്ഞെടുപ്പ് നടക്കുന്നിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ ബി.ജെ.പി ശിവസേന സഖ്യമായ മഹാ യുതിയും കോണ്‍ഗ്രസ് എന്‍.സി.പി സഖ്യമായ മഹാ അഗാഡിയും തമ്മിലാണ് മത്സരം. ഹരിയാനയില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്, ഐ.എന്‍.എല്‍.ഡി , ജെ.ജെ.പി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും തമ്മിലാണ് മത്സരം നടക്കുന്നത്. മഹാരാഷ്ട്രയില്‍ 288 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 3237 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. സംസ്ഥാനത്ത് ആകെ 8.9 കോടി വോട്ടര്‍മാര്‍ ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കും. 96,661 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഹരിയാനയില്‍.
90 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 1169 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്ത് ഉണ്ട്. 1.83 കോടി വോട്ടര്‍മാര്‍ സംസ്ഥാനത്തുണ്ട്. ഹരിയാനയിലെ 16,357 പോളിങ് സ്റ്റേഷനുകളില്‍ മൂവായിരം പ്രശ്ന സാധ്യത ബുത്തുകളും 100 പ്രശ്ന ബാധിത ബൂത്തുകളാണ്. 75000 സുരക്ഷ ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. ഹരിയാന, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് പുറമെ കേരളമൊഴികെ പതിനേഴ് സംസ്ഥാനങ്ങളിലായി 45 നിയമസഭ സീറ്റുകളിലേക്കും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നു ഉത്തര്‍പ്രദേശില്‍ പതിനൊന്ന് സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതോടൊപ്പം ബീഹാറിലെ സമസ്തിപൂരിലും മഹാരാഷ്ട്രയിലെ സത്രയിലും ലോകസഭ ഉപതെരഞ്ഞെടുപ്പും നടക്കുന്നുണ്ട്.