India National

പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തേക്കും. ഇബ്രാഹിംകുഞ്ഞിനെ ഇന്ന് തന്നെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചു. അന്വേഷണ സംഘത്തിന്റെ യോഗം രണ്ട് മണിക്ക് വിജിലന്‍സ് ഡയറക്ടര്‍ വിളിച്ചുചേര്‍ത്തു.

പാലം നിർമാണത്തിന് ആർ.ഡി.എക്സ് പ്രൊജക്ട്സ് കമ്പനിക്ക് പലിശയില്ലാതെ മുൻകൂറായി പണം നൽകിയതിൽ ഇബ്രാഹിം കുഞ്ഞിനടക്കം പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. 4 കോടിയോളം രൂപയുടെ അഴിമതി പണം ആദ്യഘട്ടത്തിൽ തന്നെ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കുമായി കൈമാറി. നിർമാണ കമ്പനിയുടെ ഓഫീസിൽ നിന്ന് കണ്ടെത്തിയ ബാങ്ക് രേഖകളാണ് കേസിൽ നിർണായകമായത്. മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും ബിനാമികൾ വഴി പണം കൈമാറിയതിന്റെ രേഖകൾ അടക്കം കണ്ടെത്തിയതായാണ് വിവരം. ടി.ഒ സൂരജിനെ ചോദ്യം ചെയ്തതോടെയാണ് ത്തിന് അഴിമതി സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചത്.

ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന കാര്യം വിജിലൻസ് ഡയറക്ടർ സർക്കാരിനെ ധരിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ രാഷ്ട്രീയപരമായ അനുമതി സർക്കാർ നൽകി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഏത് സമയവും അറസ്റ്റ് ഉണ്ടാകാനാണ് സാധ്യത. വിജിലൻസ് ഡയറക്ടറും അന്വേഷണ ഉദ്യോഗസ്ഥരുമായി തിരുവനന്തപുരത്ത് കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. എം.എൽ.എ ഹോസ്റ്റലിൽ കയറി അറസ്റ്റ് ചെയ്യേണ്ടി വരുകയാണെങ്കിൽ അതിന് സ്പീക്കറുടെ അനുമതിയും തേടിയിട്ടുണ്ട്. എന്നാൽ പാലാ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നീക്കമാണ് സർക്കാർ നടത്തുന്നതെന്നാണ് യു.ഡി.എഫ് ആരോപണം.