ബിസിനസ് പങ്കാളികള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് കൊടുത്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗിന്റെ ഭാര്യ. തന്റെ വ്യാജ ഒപ്പിട്ട് മറ്റൊരു സ്ഥാപനത്തില്‍ നിന്നും തന്റെ ബിസിനസ് പങ്കാളികള്‍ നാലര കോടി രൂപ വായ്പ എടുത്തു എന്നും പിന്നീട് തിരിച്ചടവ് മുടങ്ങിയപ്പോഴാണ് തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതെന്നും സെവാഗിന്റെ ഭാര്യ ആരതി സെവാഗ് പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
തന്റെ അറിവോ സമ്മതമോ കൂടാതെയാണ് ആരോപണ വിധേയര്‍ വായ്പാ സ്ഥാപനത്തെ സമീപിച്ചതെന്നും തന്റെ വ്യാജ ഒപ്പ് കാണിച്ച് നാലര കോടി രൂപ വായ്പ എടുക്കുകയായിരുന്നുവെന്നും ആരതി പറയുന്നു. തന്റെ ഭര്‍ത്താവ് വിരേന്ദര്‍ സെവാഗിന്റെ പേര് ഉപയോഗിച്ച് വായ്പാ സ്ഥാപനത്തെ തന്റെ ബിസിനസ് പങ്കാളികള്‍ സ്വാധീനിക്കുകയായിരുന്നുവെന്നും ആരതി പറഞ്ഞു.
ത്രികക്ഷി കരാറില്‍ തന്റെ വ്യാജ ഒപ്പിട്ടാണ് വായ്പ സ്വീകരിച്ചതെന്നും പരാതിയില്‍ ആരതി ചൂണ്ടിക്കാട്ടി. പിന്‍തിയതി കുറിച്ച രണ്ടു ചെക്കുകളും വായ്പാ സ്ഥാപനത്തിന് കൈമാറിയിരുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ സ്ഥാപനം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ കേസിനിടെ കരാറില്‍ തന്റെ വ്യാജ ഒപ്പ് കണ്ട് ഞെട്ടിപ്പോയെന്നും ആരതി സെവാഗ് പറഞ്ഞു. 2004 ലാണ് സെവാഗും ആരതിയും വിവാഹിതരായത്.