Cricket India Sports

രോഹിത് ശർമ്മ തന്നെ അടുത്ത ടി-20 ക്യാപ്റ്റനാവുമെന്ന സൂചന നൽകി വിരാട് കോലി

തനിക്ക് ശേഷം ഇന്ത്യയുടെ ടി-20 ക്യാപ്റ്റനാവുക രോഹിത് ശർമ്മ തന്നെയെന്ന സൂചനയുമായി വിരാട് കോലി. ഇന്ന് നമീബിയക്കെതിരെ നടക്കുന്ന ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിലെ ടോസിനിടെയാണ് കോലി നിർണായക വെളിപ്പെടുത്തൽ നടത്തിയത്. കോലിക്ക് ശേഷം രോഹിത് തന്നെയാവും ക്യാപ്റ്റനെന്ന് ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും ഇതിൽ ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിരുന്നില്ല. എന്നാൽ, ഇപ്പോൾ കോലിയുടെ വെളിപ്പെടുത്തലോടെ ഇത് ഉറപ്പിക്കാമെന്നാണ് സൂചന. (Kohli Rohit T20 Captain)

“ഇന്ത്യയെ നയിച്ചത് എനിക്ക് കിട്ടിയ അംഗീകാരമായിരുന്നു. ലഭിച്ച അവസരത്തിൽ കഴിവിൻ്റെ പരമാവധി ഞാൻ ശ്രമിച്ചു. മുൻപ് പറഞ്ഞതുപോലെ ഇത് എനിക്ക് അല്പം സ്ഥലമുണ്ടാക്കി മുന്നോട്ടുപോകേണ്ട സമയമാണ്. ദൗർഭാഗ്യവശാൽ, മറ്റ് ഫോർമാറ്റുകൾക്കായി ടി-20യ്ക്ക് വഴിമാറിക്കൊടുക്കേണ്ടിവന്നു. ഈ ടീമിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു. ഇത്രയധികം വർഷങ്ങളിൽ ഈ ടീമിനെ നയിക്കാനായതിൽ ഞാൻ നന്ദിയുള്ളവനാണ്. ഇനി അടുത്തയാൾക്കാണ് അവസരം. രോഹിത് തീർച്ചയായും ഇവിടെയുണ്ട്. കുറച്ച് കാലമായി രോഹിത് കാര്യങ്ങൾ നോക്കുന്നുണ്ട്.”- കോലി പറഞ്ഞു.

അതേഅമയം, ടി-20 ലോകകപ്പിനു ശേഷം നടക്കുന്ന ന്യൂസീലൻഡിനെതിരായ ടി-20 പരമ്പരയിൽ ഇന്ത്യയുടെ മുതിർന്ന താരങ്ങൾക്കെല്ലാം വിശ്രമം അനുവദിക്കുമെന്ന് റിപ്പോർട്ട്. മാസങ്ങളായി ബയോബബിളിൽ കളിക്കുന്ന വിരാട് കോലി, ജസ്പ്രീത് ബുംറ, ലോകേഷ് രാഹുൽ, മുഹമ്മദ് ഷമി, ആർ അശ്വിൻ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവർക്കൊക്കെ വിശ്രമം അനുവദിക്കുമെന്നാണ് വിവരം. എന്നാൽ, രോഹിത് കളിക്കുമെന്നും ടീമിനെ നയിക്കുമെന്നും സൂചനയുണ്ട്.

ടി-20 ലോകകപ്പിനു ശേഷം കുഞ്ഞൻ ഫോർമാറ്റ് ക്യാപ്റ്റൻ സ്ഥാനമൊഴിയുമെന്ന് കോലി വ്യക്തമാക്കിയിരുന്നു എങ്കിലും ഇതുവരെ താരത്തിനു പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. രോഹിത് ശർമ്മ തന്നെ ഇന്ത്യയുടെ ടി-20 ക്യാപ്റ്റനാവുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ മുഴുനീള ക്യാപ്റ്റനായുള്ള രോഹിതിൻ്റെ ആദ്യ പരമ്പരയാവും ന്യൂസീലൻഡിനെതിരെ നടക്കുക. വരും ദിവസങ്ങളിൽ തന്നെ കോലിയുടെ പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചേക്കും.

മുതിർന്ന താരങ്ങൾക്കൊക്കെ വിശ്രമം അനുവദിക്കുന്നതിനാൽ ഐപിഎലിലും ആഭ്യന്തര മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയ താരങ്ങൾ ടീമിലെത്തിയേക്കും.