എയർ ഇന്ത്യ ചെയർമാനും എംഡിയുമായി വിക്രം ദേവ് ദത്ത് ഐഎഎസ് ചുമതലയേറ്റു.1993 ബാച്ച് ഐഎഎസ് ഓഫീസറാണ് വിക്രം ദേവ് ദത്ത്.
എയർ ഇന്ത്യ നഷ്ടത്തിലാണെന്നും സർക്കാരിന് കൂടുതൽ ബാധ്യത താങ്ങാനാകില്ലെന്നും കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. പ്രതിദിനം 20 കോടിയുടെ നഷ്ടമാണ് സർക്കാരിന് ഉണ്ടാകുന്നത്. എയർ ഇന്ത്യയ്ക്ക് വേണ്ടി കൂടുതൽ പൊതു പണം പാഴാക്കുന്നത് അനുവദിക്കാനാവില്ലെന്നും സർക്കാർ അറിയിച്ചു. എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കൽ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കേന്ദ്ര വിശദീകരണം.
തലേസ് പ്രൈവറ്റ് ലിമിറ്റഡ് പൂർണമായും ടാറ്റ സൺസിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും എയർ ഏഷ്യയുമായി ബന്ധമില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. നിക്ഷേപം വിറ്റഴിക്കുന്നത് നയപരമായ തീരുമാനമാണെന്നും കനത്ത നഷ്ടം കാരണം 2017ലാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് ഡിഎൻ പട്ടേലിന്റെയും ജസ്റ്റിസ് ജ്യോതി സിങ്ങിന്റെയും ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ ഉത്തരവ് മാറ്റിവെച്ച കോടതി ഇത് സംബന്ധിച്ച് രേഖകൾ സമർപ്പിക്കാൻ കക്ഷികളോട് ആവശ്യപ്പെടുകയും ചെയ്തു.
സുബ്രഹ്മണ്യൻ സ്വാമി, ലേല പ്രക്രിയ ദുരുദ്ദേശ്യപരവും ഏകപക്ഷീയവും പൊതുതാൽപ്പര്യത്തിന് വിരുദ്ധവുമാണെന്നും വാദിച്ചു. നിക്ഷേപം വിറ്റഴിക്കലിനെ “ഭീകരമായ അഴിമതി” എന്ന് വിശേഷിപ്പിച്ച ഹർജിക്കാരൻ, സർക്കാരിന്റെ പങ്കിനെ കുറിച്ചും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.