അമേരിക്കയിലെ ആക്രമണത്തെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ കൊടുംതണുപ്പില്‍ ഇന്ത്യന്‍ തെരുവുകളില്‍ പ്രതിഷേധിക്കുന്ന കര്ഷകരെക്കുറിച്ചോര്ത്തും ആശങ്കപ്പെടണമെന്ന് ബോക്സര്‍ വിജേന്ദര്‍ സിംഗ്.
‘ആളുകള്‍ക്ക് അമേരിക്കയെ കുറിച്ച് ആശങ്കയുണ്ട്. അവിടെ എന്താണ് അവിടെ സംഭവിക്കുന്നതോര്‍ത്ത്. നമ്മുടെ കര്‍ഷകര്‍ കൊടും തണുപ്പില്‍ തെരുവുകളിലാണ്. അവരെക്കുറിച്ചും ആശങ്കപ്പെടൂ’; വിജേന്ദര്‍ സിംഗ് ട്വിറ്ററില്‍ കുറിച്ചു.
അമേരിക്കയില്‍ ഡോണാള്‍ഡ് ട്രംപിന്റെ അനുയായികള്‍ യു.എസ് പാര്‍ലമെന്റ് ആക്രമിച്ചതിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നതിന് പിന്നാലെയാണ് ബോക്സര്‍ വിജേന്ദര്‍ സിംഗ് വിമര്‍ശനം ഉന്നയിച്ചത്. ‘വാഷിംഗ്ടണിലുണ്ടായ അക്രമ സംഭവങ്ങളുടെ വാര്‍ത്തകള്‍ ഏറെ വേദനിപ്പിച്ചു. നിയമവിരുദ്ധമായ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനാവില്ല, ചിട്ടയോടും സമാധാനപരമായും അധികാര കൈമാറ്റം നടത്തണം’; എന്നായിരുന്നു മോദിയുടെ ട്വീറ്റ്. ഇതിനെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ് അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. മോദിയും ട്രംപും ഒരേ തൂവല്‍ പക്ഷികളാണെന്ന് ഓര്‍മ്മപ്പെടുത്തി കൊണ്ടാണ് പ്രശാന്ത് ഭൂഷണ് രംഗത്തെത്തിയത്.
നേരത്തെ കേന്ദ്രസർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ വിജേന്ദർ സിങ്ങും അണിചേർന്നിരുന്നു. കരിനിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ തനിക്ക് ലഭിച്ച പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽ രത്ന തിരിച്ചുനൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.