ജവഹർലാൽ നെഹ്റു സർവകലാശാല അധ്യാപകർക്കും വിദ്യാർഥികൾക്കും നേരെ നടന്ന സംഘ്പരിവാർ ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ വൈസ് ചാൻസലർ ജഗദേഷ് കുമാറാണെന്ന് കോൺഗ്രസ് വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. ജഗദേഷ് കുമാറിനെ ഉടൻ സ്ഥാനത്തുനിന്ന് നീക്കണമെന്നും അദ്ദേഹം വി.സിയായ 2016 ജനുവരി 27 മുതല്‍ ജെ.എൻ.യുവിലെ എല്ലാ നിയമനങ്ങളും സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും ജനുവരി അഞ്ചിന് എ.ബി.വി.പി നടത്തിയ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കോണ്‍ഗ്രസ് വസ്തുതാന്വേഷണ സംഘം ആവശ്യപ്പെട്ടു.
അക്രമത്തില്‍ വി.സിയുടെ മൗനാനുവാദവും പങ്കാളിത്തവും വ്യക്തമാക്കുന്നതാണ് അക്രമ സംഭവത്തിനു ശേഷം വിസിയുടെ ഭാഗത്തുനിന്നുണ്ടായ നടപടികള്‍. വി.സിയുടെ വലതുപക്ഷ താല്പര്യങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അക്രമികളുമായി ഗൂഢാലോചന നടത്തിയതിനും അക്രമം അഴിച്ചുവിട്ടതിനും വിസിക്കെതിരെ ക്രിമിനല്‍ അന്വേഷണം നടത്തണമെന്നും അക്രമത്തോട് നിസ്സംഗത പുലര്‍ത്തിയ ഡല്‍ഹി പോലീസ് ഉത്തരംപറയണമെന്നും സമിതി ആവശ്യപ്പെട്ടു.
കാമ്പസിലെ സുരക്ഷാവീഴ്ച ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ട്, ആയുധധാരികളായ മുഖംമൂടിസംഘത്തെ കാമ്പസിനകത്തേക്ക് കയറ്റിവിട്ടെന്നും അക്രമം നടത്താന്‍ അനുവദിച്ചെന്നും ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ഥികളെയും അധ്യാപകരെയും ഭയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമാണ് എല്ലാം നടന്നത്.
ഡിസംബര്‍ അഞ്ചിലെ അക്രമങ്ങളിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം. പൊലീസ് ആക്രമികളെ സഹായിച്ചതായി വ്യക്തമാണ്, ഉത്തരവാദികളായവരെ കണ്ടെത്തണം, അന്യായമായ ഫീസ് വര്‍ധന പിന്‍വലിക്കണം തുടങ്ങി എട്ടു പേജ് വരുന്ന അന്വേഷണ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് കൈമാറി.
കോണ്‍ഗ്രസ് നേതാക്കളായ സുഷ്മിത ദേവ്, ഡോ. നാസിര്‍ ഹുസൈന്, ഹൈബി ഈഡന്, അഡ്വ. അമൃത ധവാന് എന്നിവരാണ് കാമ്പസ് സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കിയത്.വൈദ്യുതി വിച്ഛേദിച്ച് കാമ്പസിൽ ആക്രമണം നടത്താൻ അധികൃതർ കൂട്ടുനിന്നു. പരിക്കേറ്റ വിദ്യാർഥികള്‍ക്കെതിരെ രണ്ട് എഫ്.ഐ.ആറാണ് രജിസ്റ്റർ ചെയ്തത്. ആക്രമികളെ ആയുധങ്ങളുമായി കാമ്പസിൽ കറങ്ങി നടക്കാൻ പൊലീസ് അനുവദിച്ചു. സഹായം തേടി പലരും പൊലീസിനെ വിളിച്ചെങ്കിലും അവര്‍ അനങ്ങിയില്ല. ആക്രമികള്‍ കണ്മുന്നിലൂടെ നടന്നുപോയിട്ടും തടയാന്‍ തയാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.