India National

കത്‍വയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ വിധി ഇന്ന്

ജമ്മു കശ്മീരിലെ കത്‍വയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതി ഇന്ന് വിധി പറയും. പഞ്ചാബിലെ പഠാന്‍കോട്ട് ജില്ലാ സെഷന്‍സ് കോടതിയിലാണ് കേസിന്‍റെ വിചാരണ നടന്നത്. ഈ മാസം മൂന്നിന് കേസിന്റെ വിചാരണ പൂര്‍ത്തിയായിരുന്നു.

കുറ്റപത്രമനുസരിച്ച് കഴിഞ്ഞ വര്‍ഷം ജനുവരി 10നാണ് ജമ്മുവിലെ കത്‍വയില്‍ നാടോടി സമുദായാംഗമായ എട്ട് വയസുകാരിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കേസില്‍ കുറ്റക്കാരല്ലാത്തവരെ പ്രതികളാക്കിയെന്ന് ആരോപിച്ച് കത്‍വ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനിക്കാനെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ഒരു കൂട്ടം അഭിഭാഷകര്‍ തന്നെ തടഞ്ഞിരുന്നു. കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ വാര്‍ത്തയാവുകയും കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയുകയും ചെയ്തതോടെ രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കി. രാജ്യത്തിന് പുറത്തും സംഭവം വലിയ വാർത്തയായി. ഇതോടെ ‌വിഷയത്തില്‍ ഇടപെട്ട സുപ്രീംകോടതിയാണ് കേസ് പഞ്ചാബിലെ പഠാന്‍കോട്ട് കോടതിയിലേക്ക് മാറ്റിയത്.

സുപ്രീംകോടതി നിര്‍ദേശ പ്രകാരം കാമറയില്‍ പകര്‍ത്തി രഹസ്യമായാണ് വിചാരണ നടപടികള്‍ പൂര്‍ത്തീകരിച്ചത്. ജുണിലാണ് കേസിന്‍റെ വിചാരണ തുടങ്ങിയത്. 275 തവണ കേസില്‍ വാദം കേട്ടു. 132 സാക്ഷികളെ വിസ്തരിച്ചു. മുസ്‍ലിംകളായ ബക്കര്‍വാള്‍ സമുദായത്തിന്‍റെ ഭൂമി തട്ടിയെടുക്കുന്നതിന് വേണ്ടി റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍റെ ഒത്താശയോടെ ക്ഷേത്രത്തില്‍ വെച്ച് ഈ ക്രൂരകൃത്യം നടത്തുകയായിരുന്നുവെന്നാണ് കുറ്റപത്രത്തിലെ ആരോപണം.

അതേസമയം ബക്കര്‍വാള്‍ സമുദായം കുറ്റാരോപിതര്‍ക്കെതിരെ കള്ളയാരോപണങ്ങള്‍ ചമക്കുകയായിരുന്നുവെന്ന മറുവാദമാ‌ണ് പ്രതിഭാഗം ഉന്നയിച്ചതെന്നാണ് വിവരം. കേസില്‍ കുറ്റാരോപിതരായ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരുടെ ഹരജി ജമ്മു ഹൈകോടതിയുടെ പരിഗണനയിലായതിനാല്‍ ഇവരുടെ വിചാരണ പൂര്‍ത്തിയായിട്ടില്ല.