India

വാഹന രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് പുതുക്കൽ, പരിശോധനാ ഫീസുകൾ കുത്തനെ കൂട്ടി

വാഹന രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് പുതുക്കൽ, പരിശോധനാ ഫീസുകൾ കുത്തനെ കൂട്ടി കേന്ദ്രസർക്കാർ. കേന്ദ്ര ഉപരിതല റോഡ് ഗതാഗത മന്ത്രാലയം ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി. 2022 ഏപ്രിൽ ഒന്നുമുതൽ വർധിപ്പിച്ച നിരക്ക് പ്രാബല്യത്തിൽ വരും. ( vehicle registration price india )

15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നത് സംബന്ധിച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കി. ഇതു പ്രകാരം അടുത്ത ഏപ്രിൽ ഒന്നു മുതൽ 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കാൻ എട്ടു മടങ്ങ് അധികം പണം നൽകേണ്ടി വരും.

കാറുകൾക്ക് 5000 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 1000 രൂപയുമാണ് ഈടാക്കുക. നിലവിലിത് 600, 300 രൂപയാണ് ഈടാക്കിവരുന്നത്. ഇറക്കുമതി ചെയ്ത ബൈക്ക് രജിസ്‌ട്രേഷന് 2000 രൂപയും പുതുക്കാൻ 10,000 രൂപയും നൽകണം. ഇറക്കുമതി ചെയ്ത കാർ രജിസ്‌ട്രേഷന് 5000 രൂപയും പുതുക്കാൻ 40,000 രൂപയും നൽകണം.

കേന്ദ്ര സർക്കാരിന്റെ പൊളിക്കൽ നയത്തിന്റെ ഭാഗമായാണ് പുതിയ വിജ്ഞാപനം. 15 വർഷത്തിലധികം പഴക്കമുള്ള ബസ്, ട്രക്ക് തുടങ്ങിയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിന് 12,500 രൂപ നൽകണം. 1500 രൂപയാണ് നിലവിലെ ചാർജ്.