India National

സവര്‍ണ ജാതിക്കാര്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തു; 12 മണിക്കൂര്‍ കൊണ്ട് പുതിയ പ്രതിമ സ്ഥാപിച്ച് തമിഴ്നാട് സര്‍ക്കാര്‍

തമിഴ്നാട്ടില്‍ സവര്‍ണ വിഭാഗക്കാര്‍ തകര്‍ത്ത അംബേദ്കറുടെ പ്രതിമ 12 മണിക്കൂര്‍ കൊണ്ട് പുനര്‍നിര്‍മ്മിച്ച് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്നാട്ടിലെ വേദാരണ്യത്തിലെ ബി.ആര്‍ അംബേദ്കറുടെ പ്രതിമയാണ് സവര്‍ണ വിഭാഗത്തില്‍പ്പെട്ടവര്‍ ഞായറാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ തകര്‍ത്തത്. മുക്കളത്തൂര്‍ പുലികള്‍ കക്ഷിക്കാരായ ഒരു സംഘം ആളുകള്‍ വടിവാള്‍ കൊണ്ട് അംബേദ്കറുടെ തല വെട്ടിമാറ്റുകയും പ്രതിമ ചുറ്റിക കൊണ്ട് അടിച്ചു പൊളിക്കുകയുമായിരുന്നു. തകര്‍ക്കുന്നതിന്റെ വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും വന്‍ പ്രതിഷേധം തന്നെ ഉയരുകയും ചെയ്തു. ഈ പ്രതിമയാണ് 12 മണിക്കൂര്‍ കൊണ്ട് പുനര്‍ നിര്‍മ്മിച്ചത്. സംഭവം വീഡിയോയിലൂടെ ചിത്രീകരിച്ച വ്യക്തി പ്രതിമ തകര്‍ക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാന്‍ സാധിച്ചിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് വന്‍ പൊലീസ് സംഘമാണ് വേദാരണ്യത്തും സമീപ പ്രദേശങ്ങളിലും ക്യാമ്പ് ചെയ്യുന്നത്. സംഭവത്തില്‍ 28 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ദലിത് വിഭാഗത്തില്‍പ്പെട്ടയാളെ സവര്‍ണ വിഭാഗത്തില്‍പ്പെട്ട ആളുടെ കാര്‍ ഇടിച്ചതുമായി ബന്ധപ്പെട്ടാണ് വേദാരണ്യത്തില്‍ സംഘര്‍ഷം ആരംഭിക്കുന്നത്. പൊലീസ് സ്റ്റേഷനില്‍ വെച്ച് അപകടത്തിന് കാരണമായ കാര്‍ ഒരു കൂട്ടം ആളുകള്‍ എറിഞ്ഞു തകര്‍ത്തു. ഇതിന് പ്രതികാരമായാണ് അംബേദ്കറുടെ പ്രതിമ സവര്‍ണ വിഭാഗക്കാര്‍ തകര്‍ത്തത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അതെ സമയം പ്രതിമ തകര്‍ത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഡി.എം.കെ, സി.പി.എം, വി.സി.കെ എന്നീ പാര്‍ട്ടികള്‍ രംഗത്തുവന്നു. നടന്‍ കമല്‍ ഹാസനും പ്രതിമ തകര്‍ത്തതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കമല്‍ഹാസന്‍ ആവശ്യപ്പെട്ടു.

‘ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ സാമൂഹിക പുരോഗതിയിലേക്ക് നയിക്കുന്നില്ല. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കേണ്ടത് അനിവാര്യമാണ്. മെച്ചപ്പെട്ട സാമൂഹിക സാഹചര്യത്തിനായി ജനങ്ങള്‍ ഇതിനെതിരെ പ്രതികരിക്കണമെന്നും’ കമല്‍ഹാസന്‍ വ്യക്തമാക്കി.