2002 ലെ ഗോദ്ര കലാപത്തിന് പിന്നാലെ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ പുറത്താക്കാന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയ് തീരുമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍.
അന്ന് വാജ്പേയിയെ ഈ തീരുമാനത്തില്‍ നിന്ന് പിന്നോട്ടടിച്ചത് ആഭ്യന്തരമന്ത്രിയായിരുന്ന എല്‍.കെ അദ്വാനിയുടെ പിടിവാശി ആയിരുന്നു. ബി.ജെ.പി മുന്‍ നേതാവ് യശ്വന്ത് സിന്‍ഹയാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. മന്ത്രിസഭയില്‍ നിന്നും താന്‍ രാജിവെക്കുമെന്ന് അദ്വാനി ഭീഷണി മുഴക്കിയതോടെയാണ് മോദിയെ പുറത്താക്കാനുള്ള തീരുമാനത്തില്‍ നിന്ന് വാജ്പേയ് പിന്നോട്ടുപോയതെന്നും സിന്‍ഹ പറയുന്നു.
”ഗുജറാത്തിലെ വര്‍ഗീയ കലാപത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നരേന്ദ്ര മോദി രാജിവെക്കണമെന്ന തീരുമാനത്തിലേക്കാണ് വാജ്പേയ് എത്തിയത്. ഗോവയില്‍ വെച്ച് നടന്ന ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലും വാജ്പേയ് ഇക്കാര്യം ഉന്നയിച്ചു. മോദി രാജിവെക്കാന്‍ വിസമ്മതിച്ചാല്‍ ഗുജറാത്ത് സര്‍ക്കാരിനെ പിരിച്ചുവിടാനും വാജ്പേയ് ആലോചിച്ചിരുന്നു. എനിക്ക് ലഭിച്ച വിവരം അനുസരിച്ച്, അന്ന് പാര്‍ട്ടിയുടെ ഉന്നതതല യോഗം നടന്നിരുന്നു. യോഗത്തില്‍ മോദിക്കെതിരായ നീക്കത്തെ അദ്വാനി ശക്തമായി എതിര്‍ത്തു. മോദിയെ പുറത്താക്കിയാല്‍ താന്‍ രാജി വെക്കുമെന്നായിരുന്നു അദ്വാനിയുടെ ഭീഷണി. ഇതോടെ വാജ്പേയ് തന്റെ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.” – സിന്‍ഹ പറയുന്നു.
ഐ.എന്‍.എസ് വിരാടുമായി ബന്ധപ്പെട്ട് രാജീവ് ഗാന്ധിക്കെതിരെ മോദി ഉയര്‍ത്തിയ ആരോപണങ്ങളെയും സിന്‍ഹ തള്ളി. ഇതുപോലെ നുണകള്‍ പറയുന്നത് ഒരു പ്രധാനമന്ത്രിക്ക് ചേര്‍ന്ന പണിയല്ലെന്നും സിന്‍ഹ കുറ്റപ്പെടുത്തി.