എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട് വാദ്രയെയും പി ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തെയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍ വാദ്രയെ രണ്ടാം ദിവസമാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത്. ഐ.എന്‍.എക്സ് മീഡിയ ഇടപാട് കേസിലാണ് കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്യുന്നത്.
ആയുധ ഇടപാടുകാരനായിരുന്ന സഞ്ജയ് ബന്ധാരിയ വഴി ലണ്ടനിലെ ബ്രിന്‍സ്റ്റന്‍ സ്ക്വയറില്‍ 1.9 ബ്രിട്ടീഷ് പൌണ്ട് വില വരുന്ന സ്വത്തുക്കള്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട് വാദ്ര കൈക്കലാക്കിയെന്നതാണ് കേസ്. 2009ല്‍ യു.പി.എ ഭരണകാലത്ത് കേന്ദ്ര പെട്രോളിയം മന്ത്രാലയവുമായി നടത്തിയ ഇടപാടിന്‍റെ ഭാഗമായി, വാദ്രക്ക് ബന്ധമുള്ള കമ്പനിക്ക് സഞ്ജയ് ബന്ധാരിയ ഈ സ്വത്തുക്കള്‍ 2010ല്‍ മറിച്ച് വിറ്റു. ഫലത്തില്‍ വാദ്രക്ക് വേണ്ടിയാണ് സഞ്ജയ് ഇടപാട് നടത്തിയത് എന്നാണ് എന്‍ഫോഴ്സസ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ആരോപണം.
ഇതിന് മുന്നോടിയായി 65,000 ബ്രിട്ടീഷ് പൌണ്ടിന് കെട്ടിടങ്ങള്‍ പുതുക്കി പണിയുന്നതിനായി വാദ്രയുടെ സഹായി അറോറയുമായുള്ള സഞ്ജയ് ബന്ധാരിയയുടെ കത്തിടപാട് ലഭിച്ചിട്ടുണ്ടെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇതിന്‍റെ ഭാഗമായാണ് വാദ്രയെ ചോദ്യം ചെയ്യുന്നത്. ഇന്നലെ ആറ് മണിക്കൂര്‍ ചോദ്യം ചെയ്തെങ്കിലും വാദ്ര ആരോപണങ്ങള്‍ നിഷേധിക്കുകയായിരുന്നു. കോടതി അനുവദിച്ച ഇടക്കാല ജാമ്യം ഫെബ്രുവരി 16ന് അവസാനിക്കും. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.
അതിനിടെ ഐ.എന്‍.എക്സ് മീഡിയ ഇടപാട് കേസില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവായ പി ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തെയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയാണ്. ഐ.എന്‍.എക്സ് മീഡിയയുടെ വിദേശ നിക്ഷേപം അംഗീകരിക്കാന്‍ അന്നത്തെ ധനമന്ത്രിയായിരുന്ന പി ചിദംബരം വഴി സഹായിച്ചത് കാര്‍ത്തി ചിദംബരം ആണെന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ആരോപണം. രണ്ട് കേസുകളും രാഷ്ട്രീയ പകപോക്കലാണെന്നാണ് കുറ്റാരോപിതരുടെ വിമര്‍ശം.