കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കും. അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലാണ് മാറ്റം നടപ്പാക്കുക. തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ കോ-വിന്‍ ആപ്പില്‍ പ്രത്യേക സംവിധാനമൊരുക്കും.
സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യവ്യാപകമായി ഉയര്‍ത്തിയിരുന്നു. വിഷയത്തില്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തിരുന്നു. ഒരു ലക്ഷം രൂപയാണ് കോടതി ഹര്‍ജിക്കാരനില്‍ നിന്ന് ഈടാക്കിയത്.
ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ഫെബ്രുവരി 14ന് ഒറ്റഘട്ടമായും മണിപ്പൂരില്‍ ഫെബ്രുവരി 27നും മാര്‍ച്ച് 3നും രണ്ട് ഘട്ടമായും യുപിയില്‍ ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 7 വരെ ഏഴ് ഘട്ടമായുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10ന് വോട്ടെണ്ണും.