കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എടുക്കുന്ന കാര്യത്തില്‍ ആളുകള്‍ക്ക് സ്വമേധയാ തീരുമാനമെടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിൽ നിർമിക്കുന്ന വാക്സീൻ മറ്റു രാജ്യങ്ങൾ വികസിപ്പിച്ചെടുത്ത വാക്സീനുകൾ പോലെ ഫലപ്രദമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. വാക്സീൻ സ്വീകരിക്കണമെന്നത് നിർബന്ധമാണോ, ആന്റിബോഡികൾ വികസിക്കാൻ എത്ര സമയമെടുക്കും, കോവിഡ് മുക്തർ വാക്സീൻ സ്വീകരിക്കണോ തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രാലയം.
എന്നാല്‍ കോവിഡ് മുക്തരായവരും വാക്സീൻ ഡോസ് പൂർണമായി സ്വീകരിക്കുന്നത് ഉചിതമെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിഡിനെതിരെ ശക്തമായ പ്രതിരോധശേഷി വികസിപ്പിക്കുന്നതിന് ഇതു സഹായിക്കും. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞാണ് വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ വികസിക്കുക.
കോവിഡിനുള്ള കുത്തിവയ്പ്പ് എടുക്കോണോ എന്ന് സ്വമേധയാ തീരുമാനിക്കാം. എന്നാലും, രോഗത്തിനെതിരെ സ്വയം പ്രതിരോധിക്കുന്നതിനും കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരുൾപ്പെടെയുള്ള അടുത്ത ബന്ധങ്ങളിലേക്ക് രോഗം പടരുന്നത് തടയുന്നതിനും വാക്സീൻ സ്വീകരിക്കുന്നത് നല്ലതാണ്. വാക്‌സീൻ പരീക്ഷണങ്ങൾ അന്തിമഘട്ടങ്ങളിലാണെന്നും മന്ത്രാലയം അറിയിച്ചു. സർക്കാർ വാക്സീൻ ഉടൻ പുറത്തിറക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ആറ് വാക്സീനുകളാണ് ഇന്ത്യയിൽ വികസിപ്പിക്കുന്നത്.
മറ്റുരാജ്യങ്ങള്‍ വികസിപ്പിച്ച വാക്‌സിന്‍ പോലെ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന വാക്‌സിനും ഫലപ്രദമായിരിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വാക്‌സിന്‍ എടുക്കുമ്പോള്‍ ചെറിയ പനി, വേദന തുടങ്ങിയ ചില പാര്‍ശ്വഫലങ്ങള്‍ ചിലരില്‍ ഉണ്ടാകാം. ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങളുണ്ടായാല്‍ അവ കൈകാര്യം ചെയ്യാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
വാക്സീനെടുക്കുന്നയാൾക്ക് റജിസ്ട്രേഷൻ നിർബന്ധമാണ്. റജിസ്ട്രേഷന് തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. വാക്സീൻ എടുക്കാൻ അനുവദിച്ച സ്ഥലം, തീയതി, സമയം എന്നിവ മൊബൈലിലേക്ക് എസ്എംഎസ് വഴി അറിയിക്കും. വാക്സീൻ എടുത്ത ശേഷം ക്യുആർ കോഡ് രീതിയിൽ സർട്ടിഫിക്കറ്റ് വ്യക്തികളുടെ മൊബൈലിലേക്ക് അയച്ചു നൽകും.