India

മഴക്കെടുതി; ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 34 ആയി

മഴക്കെടുതിയിൽ ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 34 ആയി. നാല് പേരെ കാണാതായി. വെള്ളത്തിനടിയിലായ നൈനിറ്റാളിന് പുറംലോകവുമായുള്ള ബന്ധം നഷ്ടമായി. വരും ദിവസങ്ങളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലടക്കം മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. (uttarakhand heavy rain dead)

ഉത്തരാഖണ്ഡിലെ മുക്തേശ്വറിൽ വീട് തകർന്നുവീണ് ഏഴു പേർ മരിച്ചു. ഉദ്ദം സിങ് നഗറിൽ ഒരാൾ ഒഴുക്കിൽപെട്ടു. കനത്തമഴയിൽ നൈനിറ്റാൾ തടാകം കര കവിഞ്ഞതോടെ രാംഗഡ് പ്രദേശം പൂർണമായും വെള്ളത്തിലായി. 200 ഓളം സഞ്ചാരികൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. പ്രദേശത്തേക്കുള്ള മൂന്ന് റോ‍ഡുകളും മണ്ണിടിച്ചിലിൽ തകർന്നു. കലാദുംഗി, ഹൽധ്വനി, ബവാലി എന്നിവിടങ്ങളിലേക്കുള്ള പാതകളും തകർന്നു. ഗൗള നദിക്ക് കുറുകെയുണ്ടായിരുന്ന റെയിൽവെ ട്രാക്ക് തകർന്നു. കാത്ഗോദമിൽ നിന്നും ഡൽഹിയിലേക്കുള്ള ട്രെയിൻ സർവ്വീസ് ഇതോടെ തടസപ്പെട്ടു. നിരവധി റോഡുകളും പാലങ്ങളും കെട്ടിടങ്ങളും ഒലിച്ചുപോയി. ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ട്, ചത്തീസ്ഗഡ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലും മഴ തുടരുകയാണ്.

ഉത്തരാഖണ്ഡിൽ മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി 4 ലക്ഷം രൂപ വീതം സഹായ ധനം പ്രഖ്യാപിച്ചു. വീട് നഷ്ടപ്പെട്ടവർക്ക് 1.09 ലക്ഷം രൂപ വീതവും നൽകും.

പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ മഴക്കൊപ്പം മഞ്ഞുവീഴ്ചയും കൂടുതൽ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജമ്മു കശ്മീരിൽ ഒക്ടോബർ 23 ഓടുകൂടി മഞ്ഞ് വീഴ്ച കൂടുതൽ ശക്തി പ്രാപിക്കും. പഞ്ചാബ്, ബീഹാർ, പശ്ചിമബംഗാൾ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടത്തിൽ വരും ദിവസങ്ങളിൽ കനത്ത മഴ കനക്കും.

ഇന്നു മുതൽ കർണാടകയിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.