India

‘ആ ദുരന്തം മീനുകള്‍ നേരത്തെ തിരിച്ചറിഞ്ഞിരുന്നു…’ ഉത്തരാഖണ്ഡ് പ്രളയത്തെക്കുറിച്ച് വിദഗ്ധര്‍

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകര്‍ന്നതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളുമായി വിദഗ്ധര്‍. അളകനന്ദ നദിയിലെ മീനുകള്‍ പ്രളയത്തിന് മുമ്പ് അസ്വാഭാവികത പ്രകടിപ്പിച്ചിരുന്നതിന്‍റെ തെളിവുകള്‍ പുറത്തുവിട്ടുകൊണ്ടാണ് വിദഗ്ധര്‍ ഇക്കാര്യം പറഞ്ഞത്.

പ്രളയമുണ്ടാകുന്നതിന് മുമ്പ് നദിയിലെ മീനുകള്‍ കൂട്ടമായി കരയിലേക്ക് അടിയുന്ന അവസ്ഥ പ്രദേശത്ത് ഉണ്ടായതായും, ധാരാളം പ്രദേശവാസികള്‍ കരയിലേക്കടുത്ത മീനുകളെ പിടിക്കാന്‍ എത്തുകയും ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വലയോ ചൂണ്ടയോ പോലും ഉപയോഗിക്കാതെ വളരെ അനായാസം കൈകൊണ്ട് പിടിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നു മീനുകള്‍ കൂട്ടമായെത്തിയത്. സാധാരണഗതിയില്‍ ഒഴുക്കുള്ള നദികളുടെ മധ്യഭാഗത്തുകൂടിയാണ് മീനുകള്‍ നീന്തുന്നത്. എന്നാല്‍ പ്രളയമുണ്ടാകുന്നതിന് മുമ്പ് നദിയുടെ ഇരുവശങ്ങളിലൂടെ നീന്തി കരയില്‍ മത്സ്യങ്ങള്‍ കയറുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.

പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകാന്‍ പോകുന്നതിന് മുമ്പ് അത് മനസിലാക്കാനുള്ള കഴിവ് പല ജീവജാലങ്ങളെയും പോലെ മത്സ്യങ്ങള്‍ക്കുമുണ്ടെന്ന പഠനങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. അതിന് ബലമേകുന്ന തെളിവുകളാണ് അളകനന്ദ നദിയില്‍ പ്രളയമുണ്ടാകുന്നതിന് മുമ്പ് മീനുകള്‍ പ്രകടിപ്പിച്ച അസ്വാഭാവികതയെന്ന് ശാസ്ത്രലോകം നിരീക്ഷിക്കുന്നു.

ഉത്തരാഖണ്ഡ് മിന്നൽ പ്രളയത്തിൽ കാണാതായവർക്കായി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. തപോവൻ ടണലില്‍ കുടുങ്ങിയ 40 പേരെ ഇനിയും പുറത്തെത്തിക്കാനായിട്ടില്ല. ഇതുവരെ 26 മൃതദേഹങ്ങൾ കണ്ടെടുത്തത്. ഐടിബിറ്റി, ദുരന്ത നിവാരണ സേന, വ്യോമസേന എന്നിവ സംയുക്തമായാണ് രക്ഷാ പ്രവർത്തനം തുടരുന്നത്. രണ്ടര കിലോമീറ്റർ നീണ്ട തപോവന്‍ ടണലില്‍ കുടുങ്ങിയ 40 പേരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. 130 മീറ്ററോളം ചെളി നീക്കം ചെയ്തിട്ടുണ്ട്.