ഋഷിഗംഗ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിരുന്നവരും അളകനന്ദ, ദൌലി ഗംഗ നദിക്കരകളില്‍ താമസിച്ചിരുന്നവരുമാണ് അപകടത്തില്‍ പെട്ടവരില്‍ ഏറെയും
ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായ 170 പേർക്കായി തെരച്ചില്‍ തുടരുന്നു. 10 മൃതദേഹങ്ങൾ കണ്ടെടുത്തു. പരിക്കേറ്റ 6 പേരെ ആശുപത്രിയിലേക്ക് മാറ്റി.
ഋഷിഗംഗ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിരുന്നവരും അളകനന്ദ, ദൌലി ഗംഗ നദിക്കരകളില്‍ താമസിച്ചിരുന്നവരുമാണ് അപകടത്തില്‍ പെട്ടവരില്‍ ഏറെയും. സംസ്ഥാന ദുരന്തനിവാരണ സേന ഇതു വരെ ശേഖരിച്ച വിവരമനുസരിച്ച് 170 പേരെ കാണാതായിട്ടുണ്ട്.
2013ലെ പ്രളയ രക്ഷാ പ്രവർത്തനത്തിന് സമാനമായി ITBP, ദുരന്ത നിവാരണ സേന, വ്യോമസേന എന്നിവ സംയുക്തമായുള്ള രക്ഷാ പ്രവർത്തനം തുടരുകയാണ്. ദുഷ്കരമാണ് രക്ഷാപ്രവർത്തനം. ശക്തമായ കുത്തൊഴുക്കില്‍ തെറിച്ച് പോയതിനാല്‍ മൃതദേഹങ്ങളെല്ലാം സംഭവ സ്ഥലത്തുനിന്ന് ദൂരെയാണ് കണ്ടെത്തിയത്. തപോവന് സമീപം രണ്ട് ടണലുകളിലായി തൊഴിലാളികള്‍ കുടുങ്ങിയിരുന്നു. ഒരു ടണലിലുള്ള 16 പേരെ രക്ഷിച്ചു. കൂടുതല്‍ മെഡിക്കല്‍ സംഘങ്ങളെ ചമോലിയിലേക്ക് എത്തിച്ചിട്ടുണ്ട്.
ജോഷിമഠിൽ 30 കിടക്കകളോടെ താൽക്കാലിക ആശുപത്രി സജ്ജമാക്കി. മുഖ്യമന്ത്രി ടി.എസ് റാവത്ത് ചമോലിയില്‍ എത്തി രക്ഷാ പ്രവർത്തനം വിലയിരുത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സർക്കാർ 4 ലക്ഷവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 2 ലക്ഷവും നല്‍കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നുണ്ട്. കാബിനറ്റ് സെക്രട്ടറി നാഷണല്‍ ക്രൈസിസ് മാനേജ് മെന്‍റ് കമ്മിറ്റി യോഗം വിളിച്ചു.