അറിവിന്റെ അക്ഷയഖനികളിലേക്ക് വിദ്യാര്‍ഥികളെ നയിക്കുന്നവരാണ് അധ്യാപകര്‍. കാലമെത്ര കഴിഞ്ഞാലും മങ്ങലേല്‍ക്കാതെ തങ്ങിനില്‍ക്കും നല്ല അധ്യാപകരെ കുറിച്ചുള്ള ഓര്‍മകള്‍. എന്നാല്‍ അധ്യാപനം വെറും തൊഴിലായി കാണുകയും അധികാരമായി മാറുകയും ചെയ്തതോടെയാണ് കൊച്ചുകുട്ടികളെ പോലും മാടിനെ അടിക്കുന്നതു പോലെയുള്ള അധ്യാപകരുടെ വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയത്.
ഇപ്പോഴിതാ, സമാനമായ ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. പറഞ്ഞതുപോലെ തറ തുടച്ചില്ലെന്ന് കുറ്റപ്പെടുത്തി രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതായാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ അയോധ്യ ജില്ലയിലാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ദീപക്കിനാണ് ക്രൂര മര്‍ദനമേറ്റത്. ദീപക്കിനെ അധ്യാപകന്‍ തറ തുടയ്ക്കാൻ നിര്‍ബന്ധിച്ചതായും ശുചീകരണം അത്ര നന്നായി നടക്കാത്തപ്പോൾ കുപിതനായ അധ്യാപകന്‍ മർദ്ദിക്കുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. മര്‍ദനത്തിന് ശേഷവും അധ്യാപകന്‍ ശാന്തനായില്ല, തുടര്‍ന്ന് ക്ഷോഭത്തില്‍ വിദ്യാർഥിയെ ബെഞ്ചിലേക്ക് തള്ളിയിടുകയും ചെയ്തു. വീഴ്ചയില്‍ കുട്ടിയുടെ കണ്ണിന് ഗുരുതരമായ പരിക്കേറ്റു. അയോധ്യ ജില്ലയിലെ പത്രംഗ ഗ്രാമത്തിലെ ഗണൗലി പ്രൈമറി സ്കൂളിലാണ് സംഭവം.
ഇതേത്തുടര്‍ന്ന് ദീപക്കിന്റെ മാതാപിതാക്കള്‍ പത്രംഗ പൊലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തിട്ടുണ്ട്. അധ്യാപകനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. പരാതി അന്വേഷിക്കാൻ തങ്ങൾ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും ഒളിവിൽ കഴിയുന്ന പ്രതിയെ അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അതേസമയം, ക്ലാസ് മുറിക്കുള്ളിൽ പുകവലിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് മഹ്മൂദാബാദിലെ ഒരു പ്രൈമറി സ്കൂളിലെ അധ്യാപകനെ സസ്പെൻഡ് ചെയ്തു. ക്ലാസ് മുറിക്കുള്ളിൽ അധ്യാപകന്റെ പുകവലി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.