India National

ബി.ജെ.പി ജയിച്ചാല്‍ നാട് വിടാനൊരുങ്ങി ഈ ഗ്രാമത്തിലെ മുസ്‍ലിംകള്‍

ഉത്തര്‍പ്രദേശിലെ വടക്കന്‍ മേഖലയിലുള്ള ഒരു ഗ്രാമമാണ് നയാബാന്‍സ്. ഇവിടുത്തെ മുസ്‍ലിംകളുടെ വാക്കുകള്‍ കേള്‍ക്കുക: ” ഞങ്ങളുടെ കുട്ടികളും ഹിന്ദുത്വ വിശ്വാസികളായ കുട്ടികളും ഇവിടെ ഒരുകാലത്ത് കളിച്ചുല്ലസിച്ചിരുന്നു. ഇവിടുത്തെ ജനങ്ങള്‍ പരസ്പരം സ്നേഹം പങ്കുവെച്ചിരുന്നു. ഉത്സവങ്ങളും ആഘോഷങ്ങളുമൊക്കെ ഒരുമിച്ചായിരുന്നു. പക്ഷേ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവിടുത്തെ അന്തരീക്ഷം പാടേ മാറിക്കഴിഞ്ഞു. തങ്ങളുടെ സഹോദരന്‍മാര്‍ക്കൊപ്പം സമാധാനത്തോടെ കഴിയാന്‍ ഇനിയും എത്ര നാളുണ്ടാകുമെന്ന് അറിയില്ല. ഇപ്പോള്‍ ഭയമാണ്. ഇവിടെ നിന്ന് ഓടിപ്പോകാനാണ് തോന്നുന്നത്.”

നാളെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബി.ജെ.പിയാണ് വിജയിക്കുന്നതെങ്കില്‍ സ്വന്തം മണ്ണില്‍ നിന്ന് പലായനം ചെയ്യാന്‍ ഒരുങ്ങുകയാണ് നയാബാന്‍സിലെ മുസ്‍ലിംകള്‍. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‍സിനോട് സംസാരിക്കുന്നതിനിടെയാണ് ഇവിടുത്തുകാര്‍ ഇക്കാര്യം പങ്കുവെച്ചത്. മോദിയുടെ ബി.ജെ.പി രണ്ടാം തവണയും അധികാരത്തിലേറിയാല്‍ തങ്ങളുടെ അവസ്ഥ ഭീകരമായിരിക്കുമെന്ന് ജനങ്ങള്‍ പറയുന്നു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായതു മുതല്‍ ഭീതിയിലാണ് ഇവിടുത്തുകാര്‍. കുറച്ച് കാലം മുമ്പ് വരെ ഗ്രാമാന്തരീക്ഷം വളരെ സമാധാനത്തോടെയുള്ളതായിരുന്നു. മുസ്‍ലിംകളും ഹിന്ദുക്കളും എല്ലായിപ്പോഴും ഒരുമിച്ചായിരുന്നു. സന്തോഷത്തിലും ദുഖത്തിലുമൊക്കെ. ഇപ്പോള്‍ ഒരു ഗ്രാമത്തിലാണെങ്കിലും തങ്ങള്‍ക്കിയിലെ അകലം വലുതായിക്കഴിഞ്ഞു. 2014 ല്‍ മോദി അധികാരത്തില്‍ വന്നു. പിന്നീട് യോഗി ആദിത്യനാഥ് യുപിയുടെ മുഖ്യമന്ത്രിയായി. ഇതോടെ സാമുദായിക ദ്രുവീകരണം അവരുടെ അജണ്ടയായെന്ന് ഗ്രാമവാസികള്‍ പറയുന്നു.