India National

“അവസാനം മോദിക്ക് തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിക്കേണ്ടി വന്നു”; പരിഹാസവുമായി സോണിയ

മെയ്-ജൂണ്‍ മാസങ്ങളിലായി, എട്ട് കോടി അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കുമെന്നായിരുന്നു ആത്മനിർഭർ ഭാരതില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്

ആത്മനിർഭർ ഭാരത് പദ്ധതിയില്‍ അതിഥി തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ പാലിച്ചില്ല. ‍ഭക്ഷ്യ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ എങ്ങുമെത്തിയില്ലെന്നാണ് ഭക്ഷ്യപൊതുവിതരണ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടിൽ വ്യക്തമാകുന്നത്. അതിനിടെ കേന്ദ്രസര്‍ക്കാര്‍ പരിഹസിച്ച തൊഴിലുറപ്പ് പദ്ധതിയെ തന്നെ മോദിക്ക് ആശ്രയിക്കേണ്ടി വന്നുവെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ലേഖനമെഴുതി. കോവിഡ‍് പ്രതിസന്ധിക്കാലത്ത് ദരിദ്രരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തൊഴിലുറപ്പ് പദ്ധതിയെ ഫലപ്രദമായി ഉപയോഗിക്കണമെന്ന നിര്‍ദേശവും സോണിയ മുന്നോട്ടുവെച്ചു. മെയ്-ജൂണ്‍ മാസങ്ങളിലായി, എട്ട് കോടി അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കുമെന്നായിരുന്നു ആത്മനിർഭർ ഭാരതില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

ഭക്ഷണം ലഭിക്കാത്ത അതിഥി തൊഴിലാളികള്‍ക്ക് രണ്ട് മാസത്തിനുള്ളില്‍ ഭക്ഷ്യ ധാന്യങ്ങള്‍ എത്തിക്കുമെന്നായിരുന്നു വാഗ്ദാനം, ഇതിനായി 3500 കോടിയാണ് രൂപയാണ് മാറ്റി വെച്ചത്. വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 4.42 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യമാണ് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടത്.

എന്നാൽ ഇതുവരെ 20.26 ലക്ഷം ഗുണഭോക്താക്കള്‍ക്ക് 10,131 മെട്രിക് ടണ്‍ വസ്തുക്കള്‍ മാത്രമെ വിതരണം ചെയ്‌തിട്ടുള്ളുവെന്നാണ് മന്ത്രാലയം പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നത്. 1.96 കോടി അതിഥി തൊഴിലാളി കുടുംബങ്ങള്‍ക്ക് 39,000 മെട്രിക് ടണ്‍ പയര്‍വര്‍ഗ്ഗങ്ങള്‍ വിതരണം ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്.

അതേ സമയം 28,306 മെട്രിക് ടണ്‍ പയർ വർഗ്ഗങ്ങൾ മാത്രമെ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും അയച്ചിട്ടുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.