രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അഹമ്മദാബാദില്‍ വര്‍ണോജ്ജ്വല സ്വീകരണം. വിമാനത്താവളം മുതല്‍ മോട്ടേര സ്റ്റേഡിയം വരെ ഒരുക്കിയ റോഡ് ഷോ കാണാനായി നിരവധി പേരാണ് റോഡിനിരുവശത്തും അണിനിരന്നത്.
എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ കൃത്യം രാവിലെ 11.40ന് സര്‍ദാര്‍ വല്ലഭായ് അന്തര്‍ ദേശീയ വിമാനത്താവളത്തില്‍ എത്തിയ ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഭാര്യ മെലാനിയയും മകള്‍ ഇവാന്‍കയുമൊത്താണ് ട്രംപ് എത്തിയത്. വ്യത്യസ്തമായ കലാപരിപാടികളാണ് ട്രംപിനെ സ്വീകരിക്കുന്നതിനായി ഒരുക്കിയത്.
ട്രംപിന്റെ ഔദ്യോഗിക വാഹനമായ കാഡിലക് വണ്ണിലായിരുന്നു തുടര്‍ യാത്ര. വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെയുള്ള 22 കിലോ മീറ്റര്‍ റോഡ് ഷോ. ഇതിനിടെ ഗാന്ധിജിയുടെ ഓര്‍മകള്‍ നിറഞ്ഞു നില്ക്കുന്ന സബര്‍മതി ആശ്രമത്തിലേക്ക്. ചര്‍ക്കയുടെ പ്രവര്‍ത്തനം മനസ്സിലാക്കി. ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ മാലയണിയിച്ചു.
മൊട്ടേര സ്റ്റേഡിയം ഉത്ഘാടനമായിരുന്നു ട്രംപിന്റെ ഇന്ത്യയിലെ ആദ്യ പരിപാടി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലേക്ക് സ്വാഗതം എന്നു പറഞ്ഞാണ് മോദി ട്രംപിനെ മൊട്ടേരയില്‍ സംസാരിക്കാന്‍ ക്ഷണിച്ചത്. അമേരിക്കന്‍ ജനതക്കുള്ള ആദരമാണ് ഈ സ്വീകരണമെന്ന് ട്രംപ് പറഞ്ഞു. ഒരു ചായക്കടക്കാരന്റെ മകനായ പ്രധാനമന്ത്രി ഇന്ത്യക്ക് നല്കിയ വാഗ്ദാനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു. മോദിയോട് എല്ലാവര്ക്കും സ്നേഹമാണ്. മോദി ഭാവിക്കുള്ള തറക്കല്ലിടുകയാണ്. ഇന്ത്യക്ക് ആളില്ലാ വിമാനങ്ങള്‍ മുതല്‍ മിസൈലുകള്‍ വരെ നല്‍കും. ഇസ്ലാമിക ഭീകരവാദത്തിനെതിരെ ഇന്ത്യയുമായി യോജിച്ച് പോരാടും. പാകിസ്താനുമായുള്ള അമേരിക്കയുടെ ബന്ധവും ഊഷ്മളമാണ്. ഇന്ത്യയുമായുള്ള വ്യാപാര കരാറുകളുടെ ചര്‍ച്ചകള്‍ ആരംഭ ഘട്ടത്തിലാണെന്നും ട്രംപ് വ്യക്തമാക്കി.
ഇന്ന് വൈകുന്നേരം താജ് മഹല്‍ സന്ദര്‍ശിക്കും. നാളെയാണ് ഡൽഹിയിൽ നയതന്ത്ര ചർച്ചകൾ നടക്കുക. ഇന്ത്യയിലേക്കുള്ളത് വലിയ യാത്രയായാണ് കണക്കാക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത സുഹൃത്താണെന്നും ട്രംപ് യാത്രയ്ക്കു തൊട്ടുമുൻപ് പ്രതികരിച്ചു.
സന്ദർശനത്തിന്റെ രണ്ടാം ദിവസം ട്രംപ് ഇന്ത്യൻ സേനയുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. നയതന്ത്ര ചർച്ചകൾക്ക് ശേഷം സംയുക്ത പ്രസ്താവന നടത്തും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുത്ത ശേഷം ട്രംപ് മടങ്ങി പോകും.