ന്യൂഡൽഹി: ലക്ഷദ്വീപിനടുത്തുള്ള ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളിൽ (എക്‌സ്‌ക്ലൂസീവ് എകണോമിക് സോൺ) അനുവാദമില്ലാതെ യുഎസ് നാവികസേനയുടെ കപ്പൽ വിന്യാസം. യുഎസ് ഏഴാം കപ്പൽപ്പടയുടെ യുഎസ്എസ് ജോൺ പോൾ ജോൺസ് യുദ്ധക്കപ്പലാണ് ഇന്ത്യൻ അതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയത്. ലക്ഷദ്വീപിൽനിന്ന് 130 നോട്ടിക്കൽ മൈൽ പടിഞ്ഞാറാണ് കപ്പല്‍ നങ്കൂരമിട്ടത്.
പതിവ് ഫ്രീഡം ഓഫ് നാവിഗേഷൻ ഓപറേഷനാണ് നടത്തിയത് എന്നാണ് യുഎസ് നാവിക സേനയുടെ വിശദീകരണം. നേരത്തെയും ഇതു ചെയ്തിട്ടുണ്ടെന്നും ഭാവിയിൽ തുടരുമെന്നും സേനയുടെ പ്രസ്താവനയിൽ പറയുന്നു. സ്വതന്ത്ര കപ്പൽ വിന്യാസം ഒരു രാജ്യത്തിനു മാത്രം അവകാശപ്പെട്ടതല്ലെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും യുഎസ് നേവി പറയുന്നു.
ദക്ഷിണ ചൈനാ കടലിൽ സമാന രീതിയിൽ യുഎസ് സേന കപ്പൽ വിന്യാസം നടത്താറുണ്ട്. എന്നാൽ ഇതാദ്യമാണ് ഇന്ത്യയെ പ്രകോപിപ്പിക്കുന്ന തരത്തിൽ വിന്യാസമുണ്ടാകുന്നത്. രാജ്യത്തിന്റെ 200 കിലോമീറ്റർ നോട്ടിക്കൽ മൈലിന് അകത്തുള്ള യാത്രകൾക്കും വിന്യാസങ്ങൾക്കും അനുമതി വേണമെന്നാണ് ഇന്ത്യയിലെ ചട്ടം. യുഎസ് നടപടിയോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ വർഷം ഇന്ത്യ, യുഎസ്, ഓസ്‌ട്രേലിയ, ജപ്പാൻ എന്നിവർ ഉൾപ്പെട്ട ക്വാഡ് രാഷ്ട്രങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ മലബാർ എക്‌സർസൈസ് എന്ന പേരിൽ നാവികാഭ്യാസം നടത്തിയിരുന്നു.