ഹത്രാസ് കൂട്ടബലാത്സംഗത്തിലെ പൊലീസ് സമീപനത്തിൽ പ്രതിഷേധം പുകയുന്നു. കേസിൽ പ്രതികൾക്ക് അനുകൂലമായി പൊലീസ് പ്രവർത്തിക്കുന്നതായി ആരോപിച്ച കുടുംബം, നിർബന്ധിച്ച് മൃതദേഹം സംസ്കരിച്ചത് തെളിവ് നശിപ്പിക്കുന്നതിനാണെന്നും പറഞ്ഞു. ഇന്ന് പുലർച്ചെയാണ് ബന്ധുക്കളയെല്ലാം വീട്ടിൽ പൂട്ടിയിട്ട് പെൺകുട്ടിയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചത്.
സെപ്തംബർ പതിനാലിനാണ് ഉത്തര്‍പ്രദേശിലെ ഹത്രാസിൽ കൂട്ടബലാല്‍സംഗത്തിന് ഇരയായ 20കാരി ഡല്‍ഹി ആശുപത്രിയില്‍ മരിച്ചത്. കുടുംബത്തോടൊപ്പം പുല്ല് മുറിക്കുന്നതിനിടെ അവരുടെ ഷാള്‍ കഴുത്തില്‍ ചുറ്റി വയലിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ നടപടിയെടുക്കാന്‍ ആദ്യം പൊലീസ് തയ്യാറായിരുന്നില്ല.
അതിനിടെ പൊലീസിനെതിരെ കടുത്ത വിമർശനവുമായി നേതാക്കൾ രംഗത്തെത്തി. ഹത്രാസ് സംഭവ പരമ്പര തികച്ചും വേദനയുളവാക്കുന്നതാണെന്ന് ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. ആദ്യം കുട്ടി പീഡിപ്പിക്കപ്പെട്ടു. പിന്നീട് അധികാര കേന്ദ്രങ്ങളും കുട്ടിയോട് ക്രൂരത കാട്ടിയെന്നും കെജരിവാൾ കുറ്റപ്പെടുത്തി.
ഉത്തർപ്രദേശിൽ അരാജകത്വമാണ് നിലനിൽക്കുന്നതെന്നതിന്റെ തെളിവാണ് ഹത്രാസ് സംഭവമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ പുത്രിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. നീതിയെ പുച്ഛിക്കുന്ന സമീപനമാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെ്. അവളെ അവസാനമായി കാണാനുള്ള കുടുംബത്തിന്റെ അവകാശം പോലും അനുവദിച്ച് കൊടുത്തില്ലെന്ന് പ്രിയങ്ക ഗാന്ധിയും കുറ്റപ്പെടുത്തി.
ഇന്ന് പുലർച്ചെയാണ് പൊലീസ് നേതൃത്വത്തിൽ മൃതദേഹം സംസ്കരിച്ചത്. ബന്ധുക്കളെ എല്ലാവരെയും ബലംപ്രയോഗിച്ച് മാറ്റിനിർത്തി,വീടിനുള്ളിൽ പൂട്ടിയിട്ടായിരുന്നു മൃതദേഹം സംസ്കരിച്ചത്.
അമ്മയ്ക്ക് പോലും മൃതദേഹം കാണാനുള്ള അവസരം നൽകിയില്ല. കേസില്‍ തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് പൊലീസിനെന്നും കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
ക്രൂരമായ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ നാവ് പ്രതികള്‍ മുറിച്ചുകളയുകയും ചെയ്തിരുന്നു. സംഭവത്തിൽ ഗ്രാമത്തിലെ നാല് യുവാക്കളെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു.
എന്നാല്‍ ഉത്തര്‍പ്രദേശ് പൊലീസ് ആദ്യം ഇരയുടെ കുടുംബത്തെ സഹായിച്ചില്ലെന്നും പിന്നീട് ജനരോഷം ഉയര്‍ന്ന് വന്നപ്പോള്‍ മാത്രമാണ് അവസാന നിമിഷം പ്രതികരിച്ചതെന്നും കുടുംബം പറയുന്നു.