ലഖ്‌നൗ: പശുവിന്റെ പേരിലടക്കമുള്ള ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്ന ശുപാർശയുമായി ഉത്തർപ്രദേശ് നിയമ കമ്മീഷൻ. ആൾക്കൂട്ടകൊലകൾ സംബന്ധിച്ച റിപ്പോർട്ടും ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള കരട് ബില്ലും കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് എ.എൻ മിത്തൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമർപ്പിച്ചു.
128 പേജുള്ള റിപ്പോർട്ട് ഉത്തർപ്രദേശിലെ വിവിധ സ്ഥലങ്ങളിൽ നടന്ന ആൾക്കൂട്ട കൊലകളെപ്പറ്റി വിശദമായി വിവരിക്കുകയും ഇത് തടയുന്നതിനുള്ള നിയമം സുപ്രീം കോടതിയുടെ നിർദേശങ്ങൾ പാലിച്ച് എത്രയും വേഗം നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. നിലവിലുള്ള നിയമങ്ങൾക്ക് ആൾക്കൂട്ട അക്രമങ്ങൾ തടയാനുള്ള ശേഷിയില്ലെന്നും പ്രത്യേക നിയമം അനിവാര്യമാണെന്നും കമ്മീഷൻ വ്യക്തമാക്കി.
ഏഴ് മുതൽ ജീവപര്യന്തം വരെയുള്ള ശിക്ഷകളാണ് കമ്മീഷൻ ശുപാർശ ചെയ്യുന്നത്. ഇത്തരം കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പൊലീസും ജില്ലാ മജിസ്‌ട്രേറ്റുമാരും കൈക്കൊള്ളേണ്ട നടപടികൾ വിശദീകരിക്കുന്നുണ്ട്. ആൾക്കൂട്ട ആക്രമണങ്ങളിൽ ജീവൻ നഷ്ടമാവുകയോ പരിക്കേൽക്കുകയോ സ്വത്തിന് നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്യുകയാണെങ്കിൽ സർക്കാർ നഷ്ടപരിഹാരം നൽകണം. ഇരകളെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനും സർക്കാറിന് ബാധ്യതയുണ്ടായിരിക്കും. ആഭ്യന്തര മന്ത്രാലയമാണ് തങ്ങൾ സമർപ്പിച്ച കരട് ബിൽ പഠിച്ച് നിയമമാക്കുന്നതിനുള്ള തീരുമാനമെടുക്കേണ്ടതെന്ന് ജസ്റ്റിസ് മിത്തൽ പറഞ്ഞു.
2018 ജൂലൈയിൽ സുപ്രീം കോടതി കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും ആൾക്കൂട്ട അക്രമങ്ങൾ തടയുന്നതിനുള്ള നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിലവിൽ മണിപ്പൂരിൽ മാത്രമാണ് ഇത്തരം ആക്രമണങ്ങൾക്കെതിരെ വേറിട്ട നിയമമുള്ളത്. 2012 മുതൽ 2019 വരെ ഉത്തർപ്രദേശിൽ മാത്രം 50-ലധികം ആൾക്കൂട്ട ആക്രമണങ്ങളുണ്ടായി എന്നാണ് കണക്ക്. ഇവയിൽ 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവയിൽ പലതും പശുവുമായി ബന്ധപ്പെട്ടുള്ള ആക്രമണങ്ങളായിരുന്നു.