India National

യോഗിക്ക് 104 ബ്യൂറോക്രാറ്റുകളുടെ കത്ത്; യുപി വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രഭവകേന്ദ്രം

ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്‍ സംസ്ഥാനത്തെ വിദ്വേഷത്തിന്റെ പ്രഭവ കേന്ദ്രമാക്കി മാറ്റിയെന്ന് യുപിയിലെ മുന്‍ ഉന്നത ബ്യൂറോക്രാറ്റുകള്‍. വിദ്വേഷ, വിഭജന, മതാന്ധ രാഷ്ട്രീയത്തിന്റെ പ്രഭവ കേന്ദ്രമായി യുപി മാറി എന്നാണ് ബ്യൂറോക്രാറ്റുകള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ കുറ്റപ്പെടുത്തിയത്.

മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് ടികെഎ നായര്‍ തുടങ്ങി 104 ബ്യൂറോക്രാറ്റുകളാണ് കത്തില്‍ ഒപ്പുവച്ചിട്ടുള്ളത്.

‘ഒരിക്കല്‍ ഗംഗ-യമുന നാഗരികതയുടെ കളിത്തൊട്ടിലായിരുന്നു യുപി. ഇപ്പോള്‍ വിദ്വേഷ-വിഭജന രാഷ്ട്രീയത്തിന്റെ പ്രഭവ കേന്ദ്രമായി മാറി. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സാമുദായിക വിഷം കുത്തിവച്ചിട്ടുണ്ട്’ – കത്തില്‍ പറയുന്നു.

പൊലീസ് പലയിടത്തും അക്രമങ്ങള്‍ക്കെതിരെ നിശ്ശബ്ദത പാലിക്കുകയാണ്. മുറാദാബാദില്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ രണ്ട് യുവാക്കളെ വലിച്ചിഴച്ചു കൊണ്ടു പോയത് ഇതിന്റെ ഉദാഹരണമാണ്. സംഭവത്തില്‍ ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു എന്ന ആരോപണത്തില്‍ ഇരകള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്- കത്തില്‍ അവര്‍ വ്യക്തമാക്കി.

പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനു മേലുള്ള കടന്ന കയറ്റമാണ് ഈയിടെ പാസാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമമെന്നും അവര്‍ കുറ്റപ്പെടുത്തി. അലഹബാദ് ഹൈക്കോടതി അടക്കം നിരവധി ഉന്നത കോടതികള്‍ ഈ സ്വാതന്ത്ര്യത്തെ വിധികളില്‍ വകവച്ച് നല്‍കിയിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.