India National

ഭാഗ്പതില്‍ ശ്രദ്ധേയ പോരാട്ടം; മോദിക്ക് കര്‍ഷകര്‍ മറുപടി നല്‍കുമെന്ന് ജയന്ത് ചൌധരി

ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി-ആര്‍.എല്‍.ഡി സഖ്യത്തിന്‍റെ ശക്തി പരീക്ഷിക്കപ്പെടുന്ന മണ്ഡലമാണ് ഭാഗ്പത്. മുസ്ലിം, ജാട്ട് വിഭാഗങ്ങളുടെ വോട്ട് നിര്‍ണായകമായ മണ്ഡലത്തില്‍ തലവന്‍ അജിത് സിംഗിന്‍റെ മകന്‍ ജയന്ത് ചൌധരിയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി. ഇന്ത്യയിലെ തെരെഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെ.പിക്ക് പാക്കിസ്ഥാന്‍‌ എന്നാവര്‍ത്തിക്കേണ്ടി വരുന്നു എന്നും മോദിക്ക് കര്‍ഷകര്‍ മറുപടി നല്‍കുമെന്നും ജയന്ത് മീഡിയവണിനോട് പറഞ്ഞു.

മുസഫര്‍ നഗറിനോട് ചേര്‍ന്ന് കിടക്കുന്ന ഭാഗ്പത് മണ്ഡലം വിധിയെഴുതുക ഒന്നാംഘട്ടത്തില്‍. സിറ്റിംഗ് എം.പിയും കേന്ദ്രമന്ത്രിയുമായ സത്യപാല്‍ സിംഗിനെ തന്നെയാണ് ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്. പക്ഷേ പ്രതിപക്ഷ സഖ്യസ്ഥാനാര്‍ത്ഥിയും ആര്‍.എല്‍.ഡി ഉപാധ്യക്ഷനുമായ ജയന്ത് ചൌധരിക്കാണ് വോട്ട് കണക്കുകളില്‍ മേല്‍ക്കൈ. മോദിക്കെതിരായ വിധി കര്‍ഷകര്‍ കുറിക്കും. ഇന്ത്യയില്‍ നടക്കുന്ന തെരെ‌ഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ പറഞ്ഞ് വോട്ട് ചോദിക്കേണ്ട അവസ്ഥയാണ് ബി.ജെ.പിക്കെന്നും ജയന്ത് മീഡിയവണിനോട് പറഞ്ഞു.

”പാക്കിസ്ഥാന്‍,പാക്കിസ്ഥാന്‍‌ എന്ന് പറഞ്ഞ് തെരെഞ്ഞെടുപ്പിനെ നേരിടാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇന്ത്യയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇവിടുത്തെ ജനങ്ങളാണ് വോട്ട് ചെയ്യുന്നത്.” എസ്.പി-ബി.എസ്.പി-ആര്‍.എല്‍.ഡി സഖ്യസ്ഥാനാര്‍ത്ഥി ജയന്ത് ചൌധരി പറഞ്ഞു.

യു.പിയില്‍ ബി.എസ്.പി-എസ്.പി-ആര്‍.എല്‍.ഡി സഖ്യത്തില്‍ കോണ്‍ഗ്രസ്സ് ഇല്ലാത്തത് ബി.ജെ.പിക്ക് ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന് ഭാഗ്പതില്‍ കോണ്‍ഗ്രസ്സ് മത്സരിക്കുന്നില്ല എന്നായിരുന്നു മറുപടി. മുസഫര്‍ നഗര്‍ കലാപാനന്തരം വര്‍ഗ്ഗീയ ദ്രുവീകരണം ശക്തമായിരിക്കെ 2014 ല്‍ ആകെ വോട്ടിന്‍റെ 40 ശതമാനത്തിലധികവും ബി.ജെ.പി നേടിയതാണ് മണ്ഡലത്തിന്‍റെ ചരിത്രം.