കർഷക സമരത്തിന് അന്താരാഷ്ട്ര തലത്തിൽ തന്നെ പിന്തുണയേറുന്ന സാഹചര്യത്തിൽ രൂക്ഷ പ്രതികരണവുമായി കേന്ദ്ര സർക്കാർ. സെന്‍സേഷണലിസ്റ്റ് ഹാഷ് ടാഗുകളും കമന്റുകളും ഏറ്റെടുക്കുന്നത് ചില പ്രശസ്തരുടെ പതിവാണെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.നിക്ഷിപ്ത താല്പര്യക്കാരായ ചിലര്‍ അവരുടെ അജണ്ടകള്‍ പ്രതിഷേധക്കാരില്‍ അടിച്ചേല്‍പ്പിക്കാനും അവരെ വഴിതെറ്റിക്കാനും ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇതിന്റെ ഏറ്റവും മോശമായ അവസ്ഥയാണ് ജനുവരി 26ന് കണ്ടത്. ഇന്ത്യക്കെതിരെ അന്താരാഷ്ട്ര പിന്തുണ നേടാന്‍ ഈ നിക്ഷിപ്ത താല്പര്യക്കാര് ശ്രമിക്കുന്നു. ഇത്തരക്കാരുടെ പ്രേരണ മൂലമാണ് ലോകത്തിന്റെ ചില ഭാഗങ്ങളില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ക്കപ്പെട്ട സംഭവമുണ്ടായത്. ഇന്ത്യയ്ക്കും സംസ്കാരമുള്ള ഏതു സമൂഹത്തിനും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണിത്, പ്രസ്താവനയില്‍ പറയുന്നു.പുതിയ കാർഷിക നിയമത്തിനെതിരേ കർഷകരിൽ ചെറിയൊരു വിഭാഗത്തിന് മാത്രമാണ് പ്രതിഷേധമുള്ളത്. നിയമം നടപ്പാക്കുന്നത് ഒരു വർഷത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ പശ്ചാത്തലത്തില്‍ വേണം സമരത്തെ കാണേണ്ടതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.അതേസമയം, ഇന്ത്യയിലെ കർഷക സമരത്തിന് അന്താരാഷ്ട്ര സമൂഹത്തിൽ തന്നെ പിന്തുണയേറുകയാണ്. വിഖ്യാത യു.എസ് പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്, അമേരിക്കന്‍ പരിസ്ഥിതി ആക്ടിവിസ്റ്റ് ജാമി മര്‍ഗോളിന്‍, അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ബന്ധു മീനാ ഹാരിസ് തുടങ്ങിയവരാണ് പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്തെത്തിയത്.
