ഉന്നാവ് പീഡന കേസ് പ്രതിയും മുന്‍ ബി.ജെ.പി എം.എല്‍.എയുമായ കുല്‍ദീപ് സെന്‍ഗാറിന് മരണം വരെ ജീവപര്യന്തം തടവ്. ഇതിന് പുറമെ ഇരക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. ഇരക്കും കുടുംബത്തിനും സുരക്ഷ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ഡല്‍ഹി തീസ് ഹസാരി കോടതിയുടേതാണ് ഉത്തരവ്.
2017ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 13 പ്രോസിക്യൂഷന്‍ സാക്ഷികളെയും 9 പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ച ശേഷമാണ് കോടതി വിധി പറഞ്ഞത്. പോക്സോ നിയമത്തിലെ ബലാൽസംഗം, ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ പ്രകാരം സെൻഗാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
സുരക്ഷാ പ്രശ്നങ്ങൾ ചുണ്ടിക്കാട്ടിയുള്ള പെണ്‍കുട്ടിയുടെ കത്ത് പരിഗണിച്ചാണ് കേസുകള്‍ സുപ്രീം കോടതി ഡല്‍ഹി തീസ് ഹസാരി കോടതിയിലേക്ക് മാറ്റിയത്. കൂട്ടബലാത്സംഗം, പെണ്‍കുട്ടിയുടെ പിതാവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തല്‍, വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കല്‍ തുടങ്ങി മറ്റു നാല് കേസുകളില്‍ വിചാരണ തുടരുന്നുണ്ട്. പെൺകുട്ടിയും അഭിഭാഷകനും സഞ്ചരിച്ചിരുന്ന കാറിൽ ലോറി ഇടിച്ച് ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്നു. പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ ഈ അപകടത്തിൽ കൊല്ലപ്പെട്ടു. സെൻഗാറാണ് അപകടം ആസൂത്രണം ചെയ്തതെന്നാണ് ആരോപണം.