ദുരൂഹ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉന്നാവ് പെണ്‍കുട്ടിയെയും അഭിഭാഷകനെയും ഡല്‍ഹി എയിംസിലേക്ക് മാറ്റി. സുപ്രീംകോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് ഇരുവരെയും എയിംസിലേക്ക് മാറ്റിയത്. ബലാത്സംഗക്കേസ് നാളെ കോടതി പരിഗണിക്കും.
പെണ്‍കുട്ടിയുടെയും അഭിഭാഷകന്‍റെയും ശാരീരികാവസ്ഥ അനുവദിക്കുമെങ്കില്‍ ഇരുവരെയും എയിംസിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. സുരക്ഷിതത്വം പരിഗണിച്ചാണ് കോടതി ഉത്തരവ്. തുടര്‍ന്ന് ഇന്നലെ രാത്രിയോടെ പെണ്‍കുട്ടിയേയും അഭിഭാഷകനെയും ഡല്‍ഹി എയിംസിലെത്തിക്കുകയായിരുന്നു. ഇതിനിടെ അബോധാവസ്ഥയില്‍ ആയിരുന്ന പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ അഭിഭാഷകന്‍റെ നില ഇപ്പോഴും ഗുരുതരമായി തന്നെ തുടരുകയാണ്.
ബലാത്സംഗ കേസില്‍ ഇന്നലെ ഡല്‍ഹി തീസ് ഹസാരി കോടതിയില്‍ വിചാരണ തുടങ്ങിയ സാഹചര്യത്തില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗറിനെയും കൂട്ടാളിയായ ശശി സിങിനെയും തീഹാര്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ബലാത്സംഗകേസില്‍ ഡല്‍ഹി തീസ് ഹസാരി കോടതിയിലാണ് വിചാരണ നടക്കുന്നത്. ഇരുവരെയും ഇന്നലെ കോടതിയില്‍ ഹാജരാക്കിയെങ്കിലും വാദം നടന്നിരുന്നില്ല. കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും.