ഉന്നാവ് പീഡനക്കേസ് ഇന്ന് ഡൽഹി തീസ് ഹസാരി കോടതി പരിഗണിക്കും. മുഖ്യപ്രതിയും എം.എൽ.എയുമായ കുൽദീപ് സെന്‍ഗറിനെയും കൂട്ടാളി ശശി സിങ്ങിനെയും കോടതിയിൽ ഹാജരാക്കും. അതേസമയം പെൺകുട്ടിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
ഉന്നാവ് പീഡനവുമായി ബന്ധപ്പെട്ട കേസുകൾ ഉത്തർ പ്രദേശിൽ നിന്നും ഡൽഹിയിലേക്ക് അടിയന്തരമായി മാറ്റാനും നാൽപ്പത്തിയഞ്ച് ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കനും ഈ മാസം ഒന്നിന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇതേതുടർന്നാണ് കേസുകൾ ഡൽഹിയിലെ തീസ് ഹസാരി കോടതിയിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം കേസ് രേഖ ലഭിച്ചതോടെ, ഇന്ന് പ്രതികളോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ച് കോടതി നോട്ടീസ് അയക്കുകയായിരുന്നു. പീഡനക്കേസിൽ റിമാന്റിലുള്ള കുൽദീപ് സെന്‍ഗറിനെ പുലർച്ചയോടെ പോലീസ് ഡൽഹിയിലെത്തിച്ചിട്ടുണ്ട്. കേസുകൾ രാഷ്ട്രീയ ആരോപണം മാത്രമാണെന്നും പെൺകുട്ടി സുഖം പ്രാപിച്ചു വരട്ടേ എന്നുമായിരുന്നു സീതാപുർ ജയിലിൽ നിന്ന് ഡൽഹിക്ക് തിരിക്കവേ കുൽദീപ് സെന്‍ഗർ പ്രതികരണം.
അതേസമയം, അപകടത്തിൽ ഗുരുതര പരിക്കേറ്റ് ആശുപ്രത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ ആരോഗ്യനില ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.ന്യുമോണിയയും പനിയും ബാധിച്ചിട്ടുണ്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നില നിർത്തുന്നത്. ഇത് സംബന്ധിച്ച വിശദാംശങ്ങൾ ഇന്ന് സോളിസിറ്റൽ ജനറൽ തുഷാർ മേഹ്ത്ത സുപ്രിം കോടതിയെ അറിയിച്ചേക്കും.