ഉന്നാവോ വാഹനാപകടക്കേസിൽ ബി.ജെ.പി എം.എൽ.എ കുൽദീപ് സെങ്കാറിനെതിരെ കൊലപാതക കുറ്റമില്ല. പകരം ക്രിമിനൽ ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ലഖ്നൗ പ്രത്യേക കോടതിയിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു.
ജൂലൈ 28നാണ് ഉന്നാവോ പീഡനക്കേസിലെ പരാതിക്കാരിയും ബന്ധുക്കളും അഭിഭാഷനും സഞ്ചരിച്ചിരുന്ന കാർ ദുരൂഹ സാഹചര്യത്തിൽ അപകടത്തിൽപ്പെട്ടത്. സംഭവത്തില്‍ 2 പേർ മരിക്കുകയും പരാതിക്കാരിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
പീഡനക്കേസിൽ പ്രതിയായ ബി.ജെ.പി എം.എൽ.എ കുൽദീപ് സെനഗർ ആസൂത്രിതമായി നടത്തിയ അപകടമാണിത് എന്നായിരുന്നു ആരോപണം. തുടർന്ന് കുൽദീപ് സെനഗർ അടക്കം 10 പേർക്കെമെതിരെ കൊലപാതകം, ഗൂഡാലോചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.
എന്നാൽ കാർ അപകടം അശ്രദ്ധ മൂലമാണെന്നാണ് സി.ബി.ഐ കണ്ടെത്തൽ. സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ സെനഗർ അടക്കമുള്ളവർക്കെതിരെ കൊലപാതക കുറ്റമില്ല. മരണത്തിനിടയാക്കിയ അശ്രദ്ധ അടക്കമുള്ള വകുപ്പുകളാണ് ട്രക്ക് ഡ്രൈവർ ആശിഷ് കുമാർ പാലിനെതിരെ ചുമത്തിയിട്ടുള്ളത്.
കേസിൽ സുപ്രീംകോടതി നിർദേശ പ്രകാരമാണ് സി.ബി.ഐ അതിവേഗം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. 2017 ജൂണിലാണ് ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ വസതിയിലേക്ക് വിളിച്ചുവരുത്തി കുൽദീപ് സെനഗർ പീഡനത്തിനിരയാക്കിയത്.