India National

അണ്‍ലോക്ക് 4; നിയന്ത്രണങ്ങളോടെ പൊതുപരിപാടികള്‍ക്ക് അനുമതി, വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കില്ല

21 മുതല്‍ 100 പേര്‍ക്കുവരെ പങ്കെടുക്കാവുന്ന പൊതുപരിപാടികള്‍ നടത്താനും അനുമതിയുണ്ട്. കായികം, വിനോദം, മതം, രാഷ്ട്രീയം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് 100 പേരുടെ പരിധിയില്‍ അനുമതിയുള്ളത്.

അൺലോക്ക് നാലാംഘട്ട മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. സെപ്തംബര്‍ ഏഴ് മുതല്‍ വിവിധ മേഖലകളില്‍ ഇളവുകള്‍ നല്‍കും. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് അനുമതി വേണ്ട. സെപ്തംബര്‍ 21 മുതല്‍ പൊതു പരിപാടികള്‍ക്ക് അനുമതി നല്‍കി. സെപ്റ്റംബര്‍ 30 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല. ഇൻഡോർ തിയറ്ററുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവ ഈ ഘട്ടത്തിലും‍ തുറക്കില്ല.

സെപ്റ്റംബർ ഒന്നു മുതൽ 30 വരെയുള്ള അൺലോക്ക് 4 ന്‍റെ മാർഗ്ഗനിർദ്ദേശമാണ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയത്. 100 പേരെ വരെ പങ്കെടുപ്പിച്ച് സെപ്റ്റംബർ 21 മുതൽ പൊതു പരിപാടികള്‍ നടത്താം. അന്ന് മുതല്‍ ഓപ്പൺ എയർ തിയറ്ററുകളും തുറക്കാം.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള യാത്രക്ക് ഇ- പാസ് വേണ്ടെന്നും കണ്ടെയിൻമെന്‍റ് സോണുകൾക്ക് പുറത്ത് കേന്ദ്ര അനുമതിയില്ലാതെ ലോക്ഡൗൺ പാടില്ലെന്നും മാർഗ്ഗ നിർദ്ദേശത്തിൽ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

മാർച്ച് മാസം മുതൽനിർത്തിവെച്ച മെട്രോ സർവീസുകൾ സെപ്റ്റംബർ 7 മുതൽ പുനരാരംഭിക്കും. അടുത്ത മാസവും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല. എന്നാല്‍ 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് കണ്ടെയിൻമെന്‍റ് സോണിന് പുറത്താണ് സ്കൂളുകളെങ്കില്‍ പഠനാവശ്യത്തിന് പോകാം. ഇതിന് മാതാപിതാക്കൾ എഴുതിനൽകിയ സമ്മതം നിർബന്ധമാണ്.

50% അധ്യാപക-അനധ്യാപക ജീവനക്കാർക്ക് ഓൺലൈൻ പഠനത്തിൻറ ഭാഗമായി വിദ്യാലയത്തിൽ എത്താം. ടെക്നിക്കൽ, പ്രൊഫഷണൽ പിജി വിദ്യാർഥികൾ, പിഎച്ച്ഡി വിദ്യാർഥികൾ എന്നിവര്‍ക്ക് ലാബ് ആവിശ്യങ്ങൾക്കായി കലാലയങ്ങളിലേക്ക് വരാം. സിനിമ തീയറ്ററുകൾ, നീന്തൽ കുളങ്ങൾ, വിനോദ പാർക്കുകൾ, ഓപ്പൺ എയർ തിയറ്ററുകൾ ഒഴികെയുള്ള തിയറ്ററുകൾ എന്നിവ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.