India National

കേന്ദ്ര ബജറ്റ്; ക്ഷേമപദ്ധതികളില്‍ ഉറ്റുനോക്കി രാജ്യം

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ശക്തിപ്പെടുത്തുന്നതിന് കാര്‍ഷിക, വ്യവസായ, സര്‍വീസ് മേഖലകളില്‍ ഗവണ്‍മെന്റ് നിര്‍ണായകമായ എന്ത് പദ്ധതികളാണ് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിക്കുന്നതെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സര്‍ക്കാറിന്റെ ചെലവുകളില്‍ മാത്രമാണ് ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയത്. സ്വകാര്യ ഉപഭോഗവും നിക്ഷേപവും താഴേക്കു പോയതാണ് നിലവിലുളള ചിത്രം.

സ്വകാര്യ മേഖലയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ താഴേക്കു പോകുന്നതനുസരിച്ച് മേഖലയുടെ മൊത്തത്തിലുള്ള ആവശ്യങ്ങളും മുന്‍വര്‍ഷത്തേക്കാള്‍ കുറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ഏതെങ്കിലുമൊരു മേഖലയില്‍ മാത്രമായി കേന്ദ്രീകരിച്ച് സാമ്പത്തിക മാന്ദ്യത്തെ ചെറുക്കാനാവില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പൊതുഭരണം, ഖനനം, പ്രതിരോധം എന്നീ മേഖലകളിലാണ് രാജ്യത്ത് മുന്‍ വര്‍ഷത്തെക്കാള്‍ കൂടിയ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. സര്‍ക്കാര്‍ ചെലവുകള്‍ കുറക്കുന്നത് ധനക്കമ്മിയെ മറികടക്കാന്‍ സഹായിക്കുമെങ്കിലും മൊത്ത വളര്‍ച്ചാ സൂചിക കൂടുതല്‍ താഴേക്കു പോകുമെന്നാണ് ആശങ്ക. നവംബര്‍ മുതല്‍ക്കുള്ള അവസാന സാമ്പത്തിക പാദത്തില്‍ ഫാക്ടറി ഉല്‍പ്പാദനത്തില്‍ നേരിയ വളര്‍ന്ന ദൃശ്യമായിട്ടുണ്ട്. അതേസമയം ഭക്ഷ്യേതര മേഖലയിലെ ഉപഭോഗം ഇപ്പോഴും ആശങ്കാജനകമാം വിധം കുറഞ്ഞ നിരക്കിലാണ് ഇപ്പോഴുമുള്ളത്.

ഗ്രാമീണ തൊഴില്‍ മേഖലയില്‍ അടിയന്തരമായി കൂലി വര്‍ധനവ് പ്രഖ്യാപിക്കേണ്ട സാഹചര്യമാണ് കേന്ദ്രസര്‍ക്കാറിനു മുമ്പിലുള്ളത്. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഉത്തേജക പാക്കേജുകള്‍ അംഗീകൃത മേഖലയെയാണ് പ്രധാനമായും സഹായിച്ചത്. കോര്‍പറേറ്റ് മേഖലയില്‍ 1.45 ലക്ഷം കോടിയുടെ നികുതി ഇളവ് നേടിയപ്പോള്‍ പി.എം. കിസാന്‍ യോജന, ദേശീയ തൊഴിലുറപ്പ് പദ്ധതി മുതലായവക്കായി വകയിരുത്തിയത് ഇതിലും കുറഞ്ഞ തുകയായിരുന്നു. ഗ്രാമീണ മേഖലയിലെ വേതന സൂചികയും ഉപഭോക്തൃ വില സൂചികയും കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലളവില്‍ താഴേക്കു പോകുന്നത് അവസാന പാദത്തിലും തുടര്‍ന്നാല്‍ ചെപ്പടി വിദ്യകള്‍ കൊണ്ടെന്നും കേന്ദ്രസര്‍ക്കാറിന്റെ സമ്പദ് വ്യവസ്ഥയെ രക്ഷിച്ചെടുക്കാന്‍ കഴിയണമെന്നില്ല.