India National

കാർഷിക ബില്ലുകൾ വിപ്ലവകരമെന്ന് കേന്ദ്ര കൃഷി മന്ത്രി; പ്രതിപക്ഷ പാർട്ടികൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു

കാർഷിക ബില്ലുകളിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തൊമാർ. കോൺഗ്രസും ചില പ്രതിപക്ഷ പാർട്ടികളും വ്യക്തിപരമായ നേട്ടത്തിന് വേണ്ടി കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കേന്ദ്രകൃഷിമന്ത്രി പറഞ്ഞു. മൻമോഹൻ സിംഗിനും അന്നത്തെ കൃഷി മന്ത്രി ശരത് പവാറിനും മാറ്റങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു. ചില വ്യക്തികളുടെ സമ്മർദം കാരണം യുപിഎ സർക്കാർ മാറ്റത്തിനുള്ള ധൈര്യം കാണിച്ചില്ലെന്നും നരേന്ദ്രസിംഗ് തൊമാർ.

കാർഷിക ബില്ലുകൾ കർഷകരുടെ ജീവിതം മാറ്റിമറിക്കും. ബില്ലുകൾ നടപ്പാക്കാൻ അനുവദിക്കൂവെന്നും അദ്ദേഹം പറഞ്ഞു. വിത്ത് വിതയ്ക്കുമ്പോൾ തന്നെ കർഷകർക്ക് വില ഉറപ്പാക്കുന്നുവെന്നും ബില്ലുകൾ ഇടനിലക്കാരുടെ കൈകളിൽ നിന്ന് കർഷകരെ സ്വതന്ത്രരാക്കുമെന്നും കേന്ദ്ര കൃഷി മന്ത്രി. ഒരു അടിസ്ഥാനവുമില്ലാത്ത വാദങ്ങളാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി രാഷ്ട്രീയ പരാമർശങ്ങളാണ് നടത്തുന്നതെന്നും കൃഷി മന്ത്രി. അന്തർ സംസ്ഥാന വ്യാപാരം പ്രോത്സാഹിപ്പിക്കും എന്നതടക്കം കോൺഗ്രസിന്റെ പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. അവർക്ക് മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞില്ലെന്നും തൊമാർ.