ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കമുള്ളവര്‍ ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനെതിരായ കേന്ദ്രമന്ത്രി ഗിരിരാജ് സിങിന്റെ പരാമര്‍ശത്തില്‍ അമിത് ഷാ കടുത്ത അതൃപ്തി അറിയിച്ചു. മന്ത്രിസഭയില്‍ ചേരാതെ ജെ.ഡി.യു മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് അമിത്ഷാ അവശ്യപ്പെട്ടതായാണ് സൂചന. ജെ.ഡി.യു മഹാസഖ്യത്തില്‍ ചേരുന്നതില്‍ എതിര്‍പ്പില്ലെന്ന് കഴിഞ്ഞ ദിവസം ആര്‍.ജെ.ഡി നേതാവ് റാബ്രിദേവി പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു.
രണ്ടാം മോദി സര്‍ക്കാര്‍ രൂപീകരണത്തില്‍ ഒരു മന്ത്രി സ്ഥാനം മാത്രം ലഭിച്ചതില്‍ വലിയ അതൃപ്തിയില്‍ തുടരുകയാണ് ജെ.ഡി.യു. ഇതിന് മറുപടിയായി ബീഹാര്‍ മന്ത്രിസഭാ വികസനത്തില്‍ ബി.ജെ.പിയെയും ഒരു സീറ്റ് മാത്രം നല്‍കി ജെ.ഡി.യു തഴഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് നീതിഷ് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെ ഗിരിരാജ് സിങ് നടത്തിയ പരാമര്‍ശത്തില്‍ അമിത് ഷാ കടുത്ത അതൃപ്തി അറിയിച്ചത്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ , ഡെപ്യൂട്ടി മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായി സുശീല്‍ കുമാര്‍ മോദി, രാം വിലാസ് പാസ്വാന്‍ എന്നിവര്‍ പങ്കെടുത്ത ഇഫ്താറിനെ വിമര്‍ശിച്ച് ഗിരിരാജ് സിങ് ട്വീറ്റ് ചെയ്യുകയായിരുന്നു. ഇഫ്താര്‍ നടത്തുന്ന അതേ അവേശത്തില്‍ നവരാത്രി ആഘോഷവും നടത്തിയിരുന്നെങ്കില്‍ എത്ര ഭംഗിയാകുമായിരുന്നേനെ എന്നായിരുന്നു ഗിരിരാജ് സിങിന്റെ ട്വീറ്റ്. എന്നാല്‍ ഗിരിരാജ് സിങ് മനഃപൂര്‍വം തന്നെയാണ് പരാമര്‍ശം നടത്തിയതെന്നും അതുകൊണ്ട് മാധ്യമങ്ങള്‍ വാര്‍ത്തയാകുന്നുവെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ബി.ജെ.പിയുമായി ജെ.ഡി.യു അകല്‍ച്ചയിലായലായതോടെ നിതീഷ് കുമാറിനെ സ്വാഗതം ചെയ്ത് ആര്‍.ജെ.ഡി രംഗത്തെത്തിയിട്ടുണ്ട്.